ഇവാൻ ഇലീച്ചിന്റെ മരണത്തിലെ ആത്മീയ വെളിച്ചം

പി.എസ് പ്രദീപ്


നവംബർ 20 വിശ്വസാഹിത്യത്തിലെ മഹാപ്രതിഭയായ കൗണ്ട് ലിയോ ടോൾസ്‌റ്റോയിയുടെ (Count Leo Tolstoy) 111-ാം ചരമവാർഷികദിനമാണ്. 1910 നവംബർ 20നാണ് അദ്ദേഹം ഒരു യാത്രക്കിടയിൽ അസ്‌തോപ്പോവോ (Astopovo) റെയിൽവേ സ്റ്റേഷനിൽ വെച്ച് മരിച്ചത്. ടോൾസ്റ്റോയിയുടെ ”ഇവാൻ ഇലീച്ചിന്റെ മരണം” (The Death of Ivan Ilyich) എന്ന ചെറു നോവലെന്നോ നീണ്ടകഥയെന്നോ വിളിക്കാവുന്ന അനശ്വരസാഹിത്യ സൃഷ്ടി 1886-ലാണ് രചിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ”യുദ്ധവും സമാധാനവും”, ”അന്നാകരെനീന”, ”ഉയിർത്തെഴുന്നേൽപ്പ്” എന്നീ വിഖ്യാത നോവലുകളോടൊപ്പം തന്നെ പ്രശസ്തമായ ഈ കഥയെ മരണത്തെക്കുറിച്ചുള്ള മഹാകാവ്യമെന്നു വരെ വിശേഷിപ്പിക്കാറുണ്ട്.
ഇവാന് ഇലിച്ചെന്ന നാൽപ്പത്തഞ്ചുകാരനായ ന്യായാധിപനാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. രോഗവും മരണവുമൊക്കെ മറ്റുള്ളവർക്കാണെന്നും താൻ ഇനിയുമേറെക്കാലം മനുഷ്യരെ തടവിനു ശിക്ഷിച്ചും, തൂക്കിലേറ്റിയും മാതൃകാപരവും അന്തസുറ്റതുമായ ജീവിതം നയിക്കുമെന്നും, കൂടുതൽ വലിയ പദവികളിൽ എത്തുമെന്നും അദ്ദേഹം ദൃഢമായി വിശ്വസിച്ചു. പ്രൗഢയും പൊങ്ങച്ചക്കാരിയുമായ ഭാര്യയെ സഹിച്ചും ക്ഷമിച്ചും കലഹിച്ചും സ്‌നേഹിച്ചും അസൂയാലുക്കളായ സ്‌നേഹിതന്മാരോടും ബന്ധുജനങ്ങളോടുമൊപ്പം, ഇലീച്ച് സുഖസമൃദ്ധമായ ജീവിതം നയിച്ചുവന്നു. അപ്പോഴാണ് മരണമെന്ന ക്ഷണിക്കപ്പെടാത്ത അതിഥി രോഗത്തിന്റെ കവാടത്തിലൂടെ ഇലീച്ചിന്റെ ജീവിത പരിസരത്ത് എത്തുന്നത്. കാലം ഇറ്റിറ്റുവീഴുന്ന കൊച്ചു കൊച്ചു അദ്ധ്യായങ്ങളിലൂടെ, ആഖ്യാനകലയുടെ അത്യുദാത്ത ഭാവങ്ങളിലൂടെ മാറാരോഗിയായിത്തീർന്ന ഇലീച്ചിന്റെ കുടുംബജീവിതത്തെയും രോഗശയ്യയിൽ മരണത്തെ കാത്തു കിടക്കുന്ന നിസ്സഹായതകളെയും മരണമെന്ന മഹാസത്യത്തെയും ഈ കഥയിലൂടെ ആഴത്തിൽ ആവിഷ്‌ക്കരിക്കുന്നു. കാലങ്ങളിലൂടെ നൂറ്റാണ്ടുകളിലൂടെ പുതിയ അർത്ഥവും മാനവും സൃഷ്ടിച്ച് ‘ഇവാൻ ഇലീച്ചിന്റെ മരണം’ വളരുകയാണ്. ശരീരം ആസക്തിയാൽ നുരയുമ്പോൾ, മരണം പടിവാതിൽക്കലെത്തുന്നു. മരണം അടുത്തു വന്നു പിടികൂടുന്ന ഒരു മാന്യവ്യക്തിയുടെ മനസ്സിന്റെ ആഴങ്ങളിലെ ഇരുളിലൂടെ കഥാകാരൻ നമ്മെയും കൊണ്ട് സഞ്ചരിക്കുന്നു. ഒടുവിൽ ഒരു പ്രകാശബിന്ദു കാട്ടിത്തരുന്നു.
മരണവുമായുള്ള ആത്മസംവാദം ടോൾസ്റ്റോയിയുടെ ജീവിതത്തിലുടനീളം ഉണ്ടായിരുന്നു. അന്ത്യനാളുകൾ നരകതുല്യമാകുമെന്നുള്ള ഭയം ഭ്രാന്തിന്റെ വക്കിൽ വരെ ടോൾസ്റ്റോയിയെ എത്തിച്ചിരുന്നു. മരണത്തെ നേരിടുവാൻ മതപരവും ആത്മീയവുമായ സമീപനങ്ങളോടെ ധൈര്യം സമാർജ്ജിക്കുകയും ഒടുവിൽ പരാജിതനായി കീഴടങ്ങുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥ ഈ വലിയ എഴുത്തുകാരനുണ്ടായിരുന്നു. മരണത്തെക്കുറിച്ച് താനുമായി നിരന്തരം ചർച്ചകളിലേർപ്പെടുമായിരുന്ന. ഒരു പ്രാദേശിക ന്യായാധിപന്റെ മരണം അദ്ദേഹത്തെ വല്ലാതെ സ്പർശിച്ചിരുന്നു. ന്യായാധിപന്റെ മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ മനസ്സിലാക്കിയ ശേഷമാണ് ടോൾസ്റ്റോയി ആത്മാംശം കലർന്ന ഈ കഥ രചിച്ചത്. 1884-ൽ ആരംഭിച്ച് 1886-ൽ മാത്രം പൂർണമാക്കി എന്നതു തന്നെ എത്ര ഏകാഗ്രതയോടെ, സൂക്ഷ്മതയോടെയും അവധാനതയോടുകൂടിയുമാണ് ടോൾസ്റ്റോയി ഈ ദീർഘമായ കഥ (ഇതോടൊപ്പം തന്നെ ഈ സമയം ‘ഭ്രാന്തന്റെ സ്മരണകൾ’ എന്ന പൂർത്തിയാക്കാനാവാത്ത ഒരു കഥയും രചിച്ചിരുന്നു.) രചിച്ചത് എന്നു സൂചിപ്പിക്കുന്നു. നിരപരാധികളെയും, നിസ്സാര തെറ്റു ചെയ്തവരെയും ക്രൂരമായി ശിക്ഷിയ്ക്കുന്ന, വധശിക്ഷ വരെ വിധിക്കുന്ന ആരും ചോദ്യം ചെയ്യാനില്ലാത്ത നീതിന്യായ വ്യവസ്ഥിതിയെയും ടോൾസ്റ്റോയി ഈ കഥയിൽ വിമർശന വിധേയമാക്കുന്നു. വധശിക്ഷക്കെതിരായി ടോൾസ്റ്റോയി ശക്തമായി ശബ്ദമുയർത്തിയിരുന്നു. ഭയരഹിതവും നീതിരഹിതവുമായ പ്രവർത്തിയിലേർപ്പെട്ട ന്യായാധിപൻ ജീവിതത്തിന്റെ മദ്ധ്യഘട്ടത്തിൽ, ആരോഹണത്തിനു നടുവിൽവെച്ച്, മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ പട്ടികയിൽ സ്വന്തം പേരു കണ്ടു ഞെട്ടുന്ന ദൃശ്യം, ടോൾസ്റ്റോയിയുടെ പ്രതിഭയെ ഉണർത്തുകയായിരുന്നു. ‘ന്യായാധിപന്റെ മരണം’ എന്നാണ് ഈ കഥയ്ക്ക് അദ്ദേഹം ആദ്യം നൽകിയ പേര്


നിരവധി പാവപ്പെട്ട മനുഷ്യരെ, സാധാരണക്കാരെ, പ്രതിക്കൂട്ടിൽ നിർത്തി പൊരിച്ചെടുക്കുകയും അതിൽ അഭിമാനം കൊള്ളുകയും തന്റെ നിയമ വൈദഗ്ദ്ധ്യത്തെക്കുറിച്ച് ഊറ്റം കൊള്ളുകയും ചെയ്ത ന്യായാധിപനെ ആസന്നമരണത്തിന്റെ പ്രതിക്കൂട്ടിൽ നിർത്തി അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സുഹൃത്തുക്കളും കൃത്രിമ സ്‌നേഹം കൊണ്ട് വിചാരണ ചെയ്യുകയാണ്.
കഥ തുടങ്ങുന്നത് ഇലീച്ചിന്റെ മരണാനന്തരമാണ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും പത്രവാർത്ത വായിക്കുകയാണ്.
”അപ്പോഴും അച്ചടിമഷിയുടെ ഗന്ധമുണ്ടായിരുന്ന അന്നത്തെ പത്രം പോത്യർ ഫയദോർ വസീല്യേവിച്ചിനു നീട്ടി. കറുത്ത അതിരുകളുള്ള ആ വാർത്ത ഇങ്ങനെയായിരുന്നു. ‘എന്റെ പ്രിയതമനും നീതി ന്യായ കോടതി അംഗവുമായിരുന്ന ഇവാൻ ഇലീച്ച് ഗോലോവിൽ 1882 ഫെബ്രുവരി 4-ാം തീയതി ഇഹലോകവാസം വെടിഞ്ഞവിവരം പ്രസ്‌കോവ്യ ഫയനറോവ്‌ന ഗൊലോവീന ബന്ധുമിത്രാദികളെ വ്യസനപൂർവ്വം അറിയിച്ചുകൊള്ളുന്നു. ശവസംസ്‌കാരം ഈ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.”
ഈ സാധാരണ വാർത്തയിലൂടെ ഇവാൻ ഇലീച്ചെന്ന ന്യായാധിപന്റെ മരണത്തിലൂടെ അവനവന്റെ മനസ്സുകളിലൂടെ ഒരു ആന്തരിക യാത്ര നടത്തുവാനാണ് ടോൾസ്റ്റോയി വായനക്കാരെ ക്ഷണിക്കുന്നത്. വായന തീർത്ഥാടനമായി മാറുന്ന അനുഭവമാണിത്. പ്രായവും പക്വതയും ഏറുന്തോറും കാലപരിണാമത്തിലൂടെ കൂടുതൽ അഗാധമായ അനുഭൂതികൾ പകരുന്ന ക്ലാസിക് കൃതികളുടെ സ്വഭാവമാണിത്. ഇവാൻ ഇലീച്ചിനു സംഭവിച്ചതുപോലുള്ള ക്ലേശകരമായ മരണം തങ്ങൾക്കുണ്ടാകില്ലെന്ന് വിശ്വസിക്കുന്ന സുഹൃത്തുക്കളെ എത്ര നിസ്സംഗ ഭാവത്തോടെയാണ് ടോൾസ്റ്റോയി നമ്മെ പരിചയപ്പെടുത്തുന്നത്. സാമൂഹിക മര്യാദ അനുസരിച്ച് ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ഇലീച്ചിന്റെ വിധവയെ കണ്ട് അനുശോചനമറിയിക്കുകയും വേണമല്ലോ എന്ന ചിന്ത അവരെ അലോസരപ്പെടുത്തുന്നു. ഒരു ദിവസത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തുന്ന ബാദ്ധ്യതയായി അവർ ഇതിനെ കാണുന്നുമുണ്ട് ”നാം മരണത്തെയും മരിക്കുന്നവരെയും പേടിക്കുന്നു. ഏതെങ്കിലും കുടുംബത്തിൽ മരണമുണ്ടായാൽ അങ്ങോട്ടു പോകുന്നത് കഴിയുന്നതും ഒഴിവാക്കുവാൻ ശ്രമിക്കുന്നു. മരിച്ചവരെ മൂടിക്കഴിഞ്ഞാൽ നാമൊരിക്കലും മരിക്കില്ല എന്നു ചിന്തിക്കുവാനാണ് നാമാഗ്രഹിക്കുന്നത്.” മറ്റൊരു വിഖ്യാത റഷ്യൻ നോവലിസ്റ്റായ സോൾഷെനിസ്റ്റന്റെ ഈ വാക്കുകൾ ഇവിടെ അന്വർത്ഥവും പ്രസക്തവുമാവുകയാണ്. ജീവിച്ചിരിക്കെ ഇലീച്ചുമായി അടുത്ത ബന്ധം പുലർത്തിയ സുഹൃത്തുക്കൾ അന്നത്തെ ചീട്ടുകളി പോലും ഒഴിവാക്കുന്നില്ല. ഈ മരണംമൂലം ഉണ്ടായേക്കാവുന്ന സ്ഥാന കയറ്റങ്ങളെക്കുറിച്ചും സ്ഥലം മാറ്റങ്ങളെക്കുറിച്ചും സഹ പ്രവർത്തകർ ചിന്തിക്കുകയും ചർച്ച ചെയ്യുകയുമാണ്. തങ്ങൾ ജീവിച്ചിരിക്കുകയും ഇവാൻ ഇലീച്ച് മരിച്ചുപോവുകയും ചെയ്തു എന്ന ഗൂഢമായ ആനന്ദവും അവർക്കുണ്ട്. ജീവിച്ചിരിക്കേ ഇല്ലാതിരുന്ന ഒരു സൗന്ദര്യവും ഗാംഭീര്യവുമൊക്കെ മരിച്ചുകിടക്കുന്ന ഇലീച്ചിന്റെ മുഖത്തിനുണ്ടായിരുന്നുവെന്ന് പോത്യർ എന്ന ആത്മസുഹൃത്ത് നിരീക്ഷിക്കുന്നു. അവസാന നാളുകളിൽ അദ്ദേഹം വല്ലാതെ നരകിച്ചുവെന്നും ഇടയ്ക്കിടെ ഭയങ്കരമായി അലറി വിളിച്ച് കരഞ്ഞുകൊണ്ടിരുന്നുവെന്നും മൂന്നു ദിവസം തുടർച്ചയായി കരഞ്ഞുവെന്നും ഭാര്യ പ്രെറസ്‌കോവ്യ ഇലീച്ചിന്റെ അടുത്ത സ്‌നേഹിതനായ പോത്യാറോട് അടക്കിപിടിച്ച സ്വരത്തിൽ പറയുന്നുണ്ട്. അദ്ദേഹം ഒരുപാട് സഹിച്ചുവെന്നും വല്ലാതെ നരകിച്ചുവെന്നും അവർ ഭർത്താവിന്റെ സുഹൃത്തിന്റെ അടുത്ത് ചെന്ന് പറയുന്നു. കറുത്ത കോട്ടും ശിരസ്സിൽ ഒരു കറുത്ത തൂവലയുമണിഞ്ഞ് തന്റെ അടുത്തിരുന്നു വിലപിക്കുന്ന, മരിച്ചുപോയ സുഹൃത്തിന്റെ ഭാര്യയും താനും കാണിക്കുന്നത് കടുത്ത ആത്മവഞ്ചനയാണല്ലോ എന്ന് പോത്ത്യാർ ചിന്തിക്കുന്നു. മരണത്തിന്റെ മറവിൽ അഭിജാത കുടുംബങ്ങളിൽ നടക്കുന്ന പ്രഹസനങ്ങളെയാണ് ടോൾസ്റ്റോയി ഇവിടെ ചിത്രീകരിക്കുന്നത്. ഇലീച്ചിനു സംഭവിച്ചപോലുള്ള യാതനാപൂർണ്ണമായ മരണം തങ്ങൾക്കുണ്ടാകില്ലെന്ന് വിശ്വസിക്കുന്ന, ഇനിയുമുള്ള പ്രൊമോഷൻ സാദ്ധ്യതകൾ അന്വേഷിക്കുന്ന സുഹൃത്തുക്കളും ഇലീച്ചിന്റെ മരണശേഷം സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള തുകയെത്രെയെന്ന് കണക്കുകൂട്ടി, തുടർന്നുള്ള ജീവിതം ഭദ്രവും സുരക്ഷിതവും സന്തോഷഭരിതവും ആക്കുവാൻ ശ്രമിക്കുന്ന ഭാര്യയും മക്കളും ആ ന്യായാധിപന്റെ ജീവിതം എത്ര അസംബന്ധവും നിരർത്ഥകവും പരാജയവുമാണെന്ന് കാട്ടിത്തരുന്നു.
കഥയുടെ അടുത്ത ഘട്ടത്തിൽ ഇവാൻ ഇലീച്ച് മാന്യവും അന്തസ്സുള്ളതുമായ തന്റെ ജീവിതം എങ്ങനെ കെട്ടിപ്പടുത്തു എന്നുള്ളതും മറ്റുള്ളവർക്കു മുമ്പിൽ ജീവിതത്തെ എങ്ങനെ അലങ്കരിച്ചു പ്രദർശിപ്പിച്ചു എന്നും ടോൾസ്റ്റോയി ഒരു ഗൂഢ മന്ദസ്മിതത്തോടെ പറയുന്നു. സ്വന്തം വിശ്വാസപ്രമാണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ആഢംബരപൂർണ്ണവും സുഖപ്രദവും അന്തസ്സുറ്റതുമായ ആ ജീവിതം ഉയരുകയാണ്. മനുഷ്യത്വത്തെ, കാരുണ്യത്തെ, സ്‌നേഹ ബന്ധങ്ങളെ അകറ്റി നിർത്തികൊണ്ട് ഇവാൻ ഇലീച്ച് ബാഹ്യ ജീവിതത്തിൽ മുന്നേറുകയാണ് (ഇപ്പോൾ അയാൾക്കൊരു ആന്തരികജീവിതമില്ല). ടോൾസ്റ്റോയിയുടെ കാലഘട്ടത്തിൽ തന്നെ ജീവിച്ചിരുന്ന മറ്റൊരു മഹാ പ്രതിഭയായ ദസ്തയോവ്‌സ്‌കിയുടെ ‘ചീങ്കണ്ണി’, ‘ബെബോക്’, ‘വല്ലാത്ത പൊല്ലാപ്പ്’ തുടങ്ങിയ കഥകളിൽ പൊങ്ങച്ചക്കാരും ആത്മവഞ്ചകരുമായ അന്നത്തെ റഷ്യയിലെ ഉദ്യോഗസ്ഥദുഷ്പ്രഭുത്വത്തെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. ആ അവസ്ഥകളൊക്കെ തന്നെ നമ്മുടെ രാജ്യത്തും സമകാലിക സമൂഹത്തിലും നൂറ്റാണ്ടുകൾക്കുശേഷവും ഇന്നും നിലനിൽക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം! സമൂഹത്തിലെ കുലീന കുടുംബങ്ങളിലുള്ളവരെ ക്ഷണിച്ചുവരുത്തി, ചെറുവിരുന്നുകൾ സംഘടിപ്പിക്കുന്നതിൽ ഇവാൻ ഇലീച്ചിന് വല്ലാത്ത ഉത്സാഹമായിരുന്നു. ഉന്നതനായ ആ ന്യായാധിപന്റെ മാന്യജീവിതം അങ്ങനെ ഭംഗിയായി നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഈ കഥയിലെ വഴിത്തിരിവായ വീഴ്ച സംഭവിക്കുന്നത്. മനോഹരവും അഭിജാതവുമായ ജീവിതം നിർമ്മിച്ചുകൊണ്ടിരുന്ന ഇവാൻ ഇലീച്ചിന്റെ പതനത്തെ പ്രതീകാത്മകമായാണ് ടോൾസ്റ്റോയി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരിക്കൽ സ്വീകരണമുറിയുടെ കർട്ടൻ ഇടുന്നത് എങ്ങനെയെന്ന് ജോലിക്കാർക്ക് കാണിച്ചുകൊടുക്കാൻ വേണ്ടി കോണി കയറുന്നതിനിടയിൽ അദ്ദേഹം ഉദരഭാഗം ശക്തമായി അടിച്ച് താഴെവീണു. തൽക്കാലം ഒരു വേദന അനുഭവപ്പെട്ടുവെങ്കിലും വൈകുന്നേരം അത് മാറി. പണമില്ലെങ്കിലും പണക്കാരെപോലെയാകാൻ ശ്രമിക്കുന്നവരെപ്പോലെയാണ് ഇവാൻഇലീച്ച് വീട് മോടി പിടിപ്പിച്ചത്. ഉന്നതകുല ജാതരും അന്തസ്സുള്ളവരുമായ സുഹൃത്തുക്കളെ കാണിക്കുവാൻ വീട് സജ്ജീകരിക്കുന്നതിനിടയിലാണ് പിന്നീട് മാരകമായി പരിണമിച്ച രോഗത്തിനിടയായ ഉദരത്തിലെ പരിക്ക് അദ്ദേഹത്തിന് സംഭവിക്കുന്നത് എന്നതിൽ ഒരു ദയനീയ ഹാസ്യാത്മക ദുരന്തമുണ്ട്. നിസ്സാരമെന്നു തോന്നിയ ഉദര വേദന ശരീരത്തിനുള്ളിലെ ഒരു ശത്രുവിനെപ്പോലെ ക്രമേണ വളരുകയും അസഹനീയമാവുകയും വായ്ക്ക് രുചിയില്ലാതാവുകയും വിശപ്പില്ലാതാവുകയും ക്ഷീണമനുഭവപ്പെടുകയുമാണ്. സ്വഭാവത്തിലും കുടുംബ ജീവിതത്തിലെ ഇടപെടലുകളിലും അത് അസ്വാസ്ഥ്യം പടർത്തുന്നു. ഇലീച്ചിന്റെ മനോഹരമായ ജീവിതത്തിലേക്ക് കഠിനമായ വേദനയും മരണചിന്തകളും ഇഴഞ്ഞു കയറുകയാണ്. അസാമാന്യവൈദഗ്ദ്ധ്യത്തോടെ, ഊർജ്ജസ്വലതയോടെ കുറ്റക്കാർക്ക് ശിക്ഷവിധിച്ചുകൊണ്ടിരുന്ന ന്യായാധിപൻ മരണത്തെ നേരിടുന്ന മഹാരോഗിയായി പരിണമിക്കുന്നു. ഔദ്യോഗിക രംഗത്ത് അദ്ദേഹം ഒരു തികഞ്ഞ പരാജയമാകുന്നു. തന്റെ ജീവിതം വിഷമയമായിക്കഴിഞ്ഞിരിക്കുന്നുവെന്നും താൻ മറ്റുള്ളവർക്ക് (സ്വന്തം കുടുംബത്തിനുപോലും) ഒരു ശല്യമായി തോന്നുന്നു എന്നുമുള്ള ദുരന്ത ചിന്തകൾ ഗർവിഷ്ഠവും ഗംഭീരവുമായ ആ ജീവിതത്തിന് വിരാമം കുറിക്കുന്നു. അസൂയാവഹമായ ആ ഉദ്യോഗസ്ഥ ജീവിതം മരണവേദനയാൽ ശിഥിലമാകുന്നു. തന്നെ മനസ്സിലാക്കുവാനും തന്നോട് സഹതപിക്കുവാനും ആരുമില്ലെന്നും, ഒരു മലിന വസ്തു പോലെ മരണത്തിന്റെ പാതയരികിൽ ഏകാകിയായി കിടന്ന് കാലം കഴിക്കുക മാത്രമാണ് ഇനിയുള്ള ജീവിതമെന്നും ഇലീച്ച് നടുക്കത്തോടെ തിരിച്ചറിയുന്നു. ഡോക്ടർമാരും സുഹൃത്തുക്കളും സ്വന്തം ഭാര്യയും മക്കളും പോലും തന്റെ മുമ്പിൽ അഭിനയിക്കുകയാണെന്ന് അദ്ദേഹം ഹൃദയവേദനയോടെ അറിയുന്നു.
അനന്തരം, ടോൾസ്റ്റോയി അടുത്ത ഘട്ടത്തിൽ, ഈ കഥയെ തത്വചിന്താപരവും ദാർശനികവുമായ മാനങ്ങളിൽ, ആത്മീയതയുടെ അടരുകളിൽ ആവിഷ്‌ക്കരിക്കുന്നു. ഇതിനിടയിൽ കരുണയുടെ ആശ്വാസത്തിന്റെ മനുഷ്യത്വത്തിന്റെ പ്രതിപുരുഷനായി ഇലീച്ചിന്റെ മുമ്പിൽ ഗെറാസിം എന്ന ഭൃത്യൻ പ്രത്യക്ഷപ്പെടുന്നു. സുമുഖനും വിവേകിയും മിടുക്കനും നന്മനിറഞ്ഞവനുമായ ഗ്രാമീണ യുവാവാണ് ഗെറാസിം. കിടക്കയിൽ കിടന്ന് മലവിസർജ്ജനം നടത്തേണ്ട ഗതികേടിലെത്തിച്ചേരുന്ന ന്യായാധിപനെ സ്വന്തം ദയനീയാവസ്ഥ വലിയ നാണക്കേടിലെത്തിച്ചു. അടുക്കളയിലെ സഹായിയായ ഗെറാസിം മലപാത്രം എടുക്കാൻ വരികയും എഴുന്നേറ്റിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഉന്നത പദവിയിലിരുന്നപ്പോൾ താഴ്ന്ന ജീവനക്കാരെ പുച്ഛിച്ചിരുന്ന, അവഗണിച്ചിരുന്ന ഇലീച്ച് തന്റെ പദവിയിലുള്ളവരുമായി മാത്രമേ അടുത്തിടപഴകിയിരുന്നുള്ളു. ഗെറാസിം യാതൊരു മടിയും കൂടാതെ തന്നെ പരിചരിക്കുന്നത് കണ്ടപ്പോൾ ഇലീച്ച് ഉള്ളിൽ തട്ടിപ്പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക:
”നീ എന്നോട് ക്ഷമിക്കണം. ഈ മലമെടുക്കുന്ന പണി നിനക്ക് യോജിച്ചതല്ല. പക്ഷേ, എനിക്കതിനു സ്വയം സാധിക്കുന്നില്ല.” എന്നാൽ നല്ലവനായ ഗെറാസിം മറുപടി പറയുന്നത് കേൾക്കുക:
”എല്ലാവരും ഒരിക്കൽ മരിക്കും” എല്ലാവരും ഒരിക്കൽ മരിക്കുമെന്നും അപ്പോൾ പിന്നെ ആസന്നമരണനായ ഒരാളെ പരിചരിക്കുകയാണെങ്കിൽ തന്റെ മരണ സമയത്ത് മറ്റാരെങ്കിലും തന്നെ പരിചരിക്കുമെന്ന പ്രത്യാശയെങ്കിലുമുണ്ടെന്നും ഗെറാസിം ഒരു ഗ്രാമീണന്റെ നിഷ്‌കളങ്കതയോടെ പറയുമ്പോൾ ആ ആത്മവിശുദ്ധിക്കു മുമ്പിൽ ന്യായാധിപന്റെ ഇന്നലെയുടെ അഹന്തകൾ തകർന്നുവീഴുകയാണ്. ഇവാൻ ഇലീച്ചിനെ ഏറ്റവും വിഷമിപ്പിച്ചത് ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിറഞ്ഞു നിന്ന അസത്യങ്ങളുടെ വിഷ വായുവാണ്. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശം പാലിച്ച്, അനുസരണയോടെ കിടന്നാൽ ജീവിച്ചിരിക്കുമെന്നും അസത്യം പറയുന്ന ബന്ധുക്കളും സുഹൃത്തുക്കളും തന്നെ പരിഹസിക്കുന്നതായി അദ്ദേഹത്തിന് തോന്നുന്നു. ശാരീരിക വേദനയെക്കാൾ ഇലീച്ചിനെ വേദനിപ്പിച്ചത് നുണകളുടെ ഈ ആക്രമണമാണ്. ഗംഭീരവും ഭയാനകവുമെന്ന് ഒരാൾ വിശ്വസിക്കുന്ന മരണത്തെ ഒരു വിരുന്നു സത്കാരത്തിന്റെ ഔപചാരികതയിലേക്ക്, നിസ്സാരതയിലേക്ക് തരം താഴ്ത്തി ആഹ്ലാദിക്കുന്നത് അദ്ദേഹത്തിന് അസഹ്യമായിരുന്നു. ഇത്തരം അഭിനയമൊന്നുമില്ലാതെ തന്നെ പരിചരിച്ച് ശരീരത്തെ ശുദ്ധിയാക്കി തന്റെ വേദനിക്കുന്ന കാലുകളെ സ്വന്തം ചുമലുകളിലേറ്റി രാത്രികളിൽ ഉറക്കമൊഴിച്ചിരുന്ന് ഗെറാസിം എന്ന പണിക്കാരന്റെ നിഷ്‌കളങ്കവും നിഷ്‌കപടവുമായ സ്‌നേഹം അദ്ദേഹത്തെ രൂപാന്തരപ്പെടുത്തുകയും മനസ്സിനെ ശുദ്ധീകരിക്കുകയുമാണ്. സ്വന്തം ശരീരം വേദനകൊണ്ട് പിടയുമ്പോൾ ഉന്നതമായ മാർവ്വിടം കാണിച്ച്, മുഖം നിറയെ ചായം പൂശി, ലോലമായ ശരീരം കാണിച്ച്, ഇടയ്ക്കിടെ ഉപചാര വാക്കുകളോടെയെത്തുന്ന ഭാര്യയും യൗവ്വനം ജ്വലിച്ച് നിൽക്കുന്ന ശരീരം മുഴുവനും പുറത്തു കാണിച്ച് വേഷം ധരിച്ചെത്തിയ മകളും അയാളിൽ വെറുപ്പുളവാക്കി. യൗവ്വന തീക്ഷണവും ആഹ്‌ളാദഭരിതവുമായ തന്റെ ജീവിതത്തിൽ ആസന്നമരണനായി കിടക്കുന്ന അച്ഛന്റെ കരിനിഴൽ പടരുന്നത് ഇഷ്ടപ്പെടാത്ത രീതിയിലുള്ള മകളുടെ പെരുമാറ്റവും അയാളെ വല്ലാതെ വേദനിപ്പിച്ചു.
വിശ്വോത്തര കലാസൃഷ്ടിയായ ഈ കഥയിൽ വിശ്വോത്തര പെയിന്റിംഗുകളെ അനുസ്മരിപ്പിക്കുന്ന വേട്ടയാടുന്ന ചില നിശ്ചല ദൃശ്യങ്ങളുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ സോഫയിൽ, ചുവരിനോട് മുഖം തിരിഞ്ഞ് മരണം കാത്തു കിടക്കുന്ന ന്യായാധിപന്റെ ദാരുണചിത്രമാണിത്! അനേകംപേരെ വധശിക്ഷയ്ക്ക് വിധിച്ച ന്യായാധിപന്റെ അന്ത്യചിത്രമാണ് ടോൾസ്റ്റോയി ഇവിടെ വാക്കുകളാൽ വരച്ചിടുന്നത്. വധശിക്ഷയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച മനുഷ്യസ്‌നേഹിയായ സാമൂഹിക പരിഷ്‌കർത്താവായിരുന്നു ടോൾസ്റ്റോയി. 1908-ൽ മരണത്തിന് രണ്ടു വർഷം മുൻപ് ”എനിക്കു നിശ്ശബ്ദനായിരിക്കാൻ കഴിയില്ല” എന്ന വധശിക്ഷയ്‌ക്കെതിരെയുള്ള ലോകപ്രശസ്തിയാർജ്ജിച്ച ലേഖനം ടോൾസ്റ്റോയ് പ്രസിദ്ധീകരിച്ചിരുന്നു. താൻ ജീവിതത്തിൽ സ്‌നേഹിച്ചിരുന്നവരെ ഇനിയൊരിക്കലും കാണാനിഷ്ടപ്പെടാതെ മുഖം തിരിഞ്ഞു കിടക്കുന്ന സ്‌നേഹധമനികൾ അറ്റുപോയ ഒരു മനുഷ്യന്റെ അഗാധചിത്രമാണ് ഇലീച്ചിലൂടെ ടോൾസ്റ്റോയ് വരച്ചിടുന്നത്. കഥയുടെ അവസാനത്തോടടുക്കുമ്പോൾ, മനുഷ്യാവസ്ഥയുടെ ‘ഹാ, ദയനീയം!’ എന്നു പറയാവുന്ന ദുരന്ത കാവ്യാത്മകചിത്രമാണ് ഈ മഹാപ്രതിഭ വാക്കുകൾ കൊണ്ട് വരച്ചിടുന്നത്. മരണമടുത്ത അവസാനത്തെ മൂന്നു ദിവസം! കഠിനമായ വേദനയാൽ ഇവാൻ ഇലീച്ച് ദയനീയമായും ഭീകരമായും നിലവിളിക്കുകയാണ്. എഡ്വേർഡ് മക്കിന്റെ 1893ൽ രചിക്കപ്പെട്ട വിശ്വവിഖ്യാതമായ ”നിലവിളി” (ഠവല ടരൃലമാ) എന്ന പെയിന്റിംഗിനോട് ചില നിരൂപകർ ഈ ദൃശ്യാഘാതത്തെ താരതമ്യം ചെയ്യുന്നുണ്ട്. അപരിചിതമായ ഒരു ലോകത്തേക്കു കടക്കുവാൻ പോകുന്ന ഭയചകിതനായ ശിശുവിനെപ്പോലെ നിലവിളി പ്രതിരോധമാകുകയാണ് ഇന്നലെകളിലെ ആ ഗംഭീരവ്യക്തിത്വം, വാവിട്ടു നിലവിളിക്കുന്നു. സ്വന്തം നിസ്സഹായതയും ഭയാനകമായ ഒറ്റപ്പെടലും ചുറ്റുമുള്ള ലോകത്തിന്റെ ക്രൂരതയും ദൈവത്തിന്റെ നിർദ്ദയത്വവും ചുറ്റുവട്ടത്തെ വിറപ്പിച്ച നിലവിളിയിൽ അന്തർലീനമാണ്.
കയറ്റമാണ് ജീവിതമെന്നു കരുതി അഹങ്കരിച്ച ഇവാൻ ഇലീച്ച് മരണത്തിലേക്ക് ക്രമേണ ഇറങ്ങുകയാണ്. അകലെ ഒരു പ്രകാശ ബിന്ദുവിനെ അദ്ദേഹം കാണുന്നു. ആത്മീയമായ ഒരു പ്രകാശം ആ മുഖത്തു പരക്കുന്നു. ഇത്രയും നാൾ താൻ മഹത്തരമെന്നും മാതൃകാപരമെന്നും കരുതിയ ജീവിതം ശുദ്ധഭോഷ്‌ക്കായിരുന്നുവെന്നും വലിയ തെറ്റായിരുന്നുവെന്നും അദ്ദേഹം തിരിച്ചറിയുന്നു. സ്വന്തം ഭാര്യയോടും മക്കളോടുമുള്ള തന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിലും തിരുത്തലിനുള്ള സമയം വൈകിപ്പോകുന്നു. സ്വന്തം തെറ്റുകൾ തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും ചെയ്യുന്ന ഇലീച്ച് സ്വന്തം വീട്ടിലെ ഒരു അതിഥിയെപ്പോലെ പെരുമാറുന്നു. പ്രതിക്കൂട്ടിൽ ശിക്ഷാവിധി കേട്ടു നിൽക്കുന്ന അച്ചടക്കമുള്ള ഒരു കുറ്റവാളിയാകുന്നു. ഭാര്യയോട് ക്ഷമ പറയുവാനാഗ്രഹിക്കുന്നുവെങ്കിലും ”എല്ലാം മറക്കൂ” എന്ന വാക്കിലൂടെ എല്ലാം ശുദ്ധീകരിക്കുന്നു. തന്റെ മരണം ഭാര്യയടക്കമുള്ള മറ്റുള്ളവർക്ക് സഹായകരമായിരിക്കും എന്ന ശുഭവിശ്വാമരണമെന്ന പ്രകാശം ചൊരിയുന്ന നിർവൃതിയിലേക്ക് പ്രവേശിക്കുന്ന ഇലീച്ചിന്റെ ആത്മാവിന്റെ ശബ്ദമാണ് ഈ അനശ്വര കഥയുടെ ആത്മാവായി, ഒടുവിൽ പ്രതിധ്വനിക്കുന്നത്; ആത്മസത്തയായി മാറുന്നത്
”മരണം കഴിഞ്ഞു…. അയാൾ ആത്മാവിൽ മന്ത്രിച്ചു… ഇനിയും മരണമില്ല….”
മരണത്തെ സ്വീകരിക്കുമ്പോൾ, മരണം ആത്മീയമായി പരിണമിക്കുകയാണ്.
”നിങ്ങൾക്ക് ജീവിതം ഇഷ്ടമാണെങ്കിൽ മരണത്തിനോട് അനിഷ്ടം തോന്നേണ്ട കാര്യമില്ല. കാരണം രണ്ടിനെയും സൃഷ്ടിച്ചത് ഒരേ മഹാശില്പിയുടെ വിദഗ്ദ്ധഹസ്തങ്ങളാണ്.” മൈക്കലേഞ്ജലോവിന്റെ ഈ വരികൾ ഇവിടെ ഓർത്തുപോകുന്നു….

ഡോൺബുക്സ് പ്രസിദ്ധീകരിക്കുന്ന പി എസ് പ്രദീപിൻ്റെ ആത്മശിഖരങ്ങൾ എന്ന പുസ്തകത്തിൽനിന്ന് 2025 ആഗസ്റ്റിൽ പുസ്തകം വായനക്കാരുടെ കൈകളിൽ എത്തും

Leave a Reply

spot_img

Related articles

പ്രൊഫ. എസ് ശിവദാസ് മാമനൊപ്പം ഒരു സായാഹ്നം

കോട്ടയം സാസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രൊഫ. എസ് ശിവദാസിന്റെ 86-ാം ജന്മദിനാഘോഷവും ഡോൺ ബുക്സ് ബഷീർസാഹിത്യ പുരസ്‌കാരസമർപ്പണവും ഫെബ്രുവരി 28ന് നടക്കും. കോട്ടയം സി...

ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ...

ഡോൺ ബുക്സ് ക്രൈം ഫിക്ഷൻ നോവൽ മത്സരം 2025

മറച്ചുവെച്ച കൊലപാതകങ്ങൾ, ത്രസിപ്പിക്കുന്ന അന്വേഷണങ്ങൾ, പിഴവില്ലാത്ത ത്രില്ലർ — നിങ്ങൾക്ക് എഴുതാൻ കഴിയും എന്നു വിശ്വസിക്കുന്നുവോ?

അയ്യോ.., ഗാന്ധിയപ്പൂപ്പന് ഷർട്ടില്ല..!

ജെ.ജി. കുഴിയാഞ്ഞാൽ അടുത്തിടെ കൊച്ചുകുട്ടികൾക്കായി ഒരു കാർട്ടൂൺ ക്ലാസ്. ഗാന്ധിജിയെ വരച്ചൂകാണിക്കുന്ന കാർട്ടൂണിസ്റ്റിനോട് ഒരു കൊച്ചുകുട്ടി ചോദിച്ചു: അങ്കിളേ.., 'ഈ ഗാന്ധിയപ്പൂനെന്താ ഷർട്ടില്ലാത്തത്..?മറ്റൊരു കൊച്ചിന്റെ കമന്റ്:...