ആലപ്പുഴ: ഉഷ്‌ണതരംഗത്തെ തുടർന്ന് പാടശേഖരങ്ങളിൽ ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് വലിയതോതിലുള്ള വിളനാശം നേരിട്ട കർഷകരിൽ നിന്നും കൃഷി വകുപ്പ് നേരിട്ട് ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന് സംഭരണ തുകയായി 1 കോടി 17 ലക്ഷം അനുവദിച്ചതായി കൃഷി മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. ഉപ്പുവെള്ളം പാടശേഖരങ്ങളിൽ കയറിയതിനെ തുടർന്ന് പതിരായ നെല്ല് സംഭരിക്കുന്നതിൽ മില്ലുകാർ വൻ തോതിൽ കിഴിവ് ആവശ്യപ്പെടുകയും നെല്ല് സംഭരിക്കുന്നതിൽ വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. വിള ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കി പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിള നാശത്തിനുള്ള നഷ്‌ടപരിഹാരം ഉറപ്പാക്കുക എന്നതാണ് പ്രായോഗികമായ നടപടി എന്നിരിക്കിലും കർഷകരുടെ അധ്വാനത്തിനുള്ള പരിഹാരം കേവലം നഷടപരിഹാര തുകയിൽ മാത്രം ഒതുക്കി നിർത്താൻ കഴിയുന്നതല്ല എന്ന വസ്തുതയിൽ നിന്നാണ് ഉപ്പ് വെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നും കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്നതിന് ആലോചിച്ചത്. സംസ്ഥാനത്ത് സപ്ലൈകോയിലൂടെ കേന്ദ്ര സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. സപ്ലൈകോ മില്ലുകാരെ ചുമതലപ്പെടുത്തിയാണ് സംഭരണ പ്രവർത്തനങ്ങൾ പാടശേഖര അടിസ്ഥാനത്തിൽ നിർവ്വഹിക്കുന്നത്. ഇത്തരത്തിൽ സപ്ലൈകോ വിവിധ മില്ലുകൾ മുഖേന സംഭരിക്കുന്ന നെല്ല് അരിയാക്കി തിരികെ സപ്ലൈകോയിലേക്കും പിന്നീട് പൊതു വിതരണ കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കളിലേക്കും വിതരണം ചെയ്ത അളവിന്റെ അടിസ്ഥാനത്തിൽ അതാത് മാസാവസാനം മാത്രമേ കേന്ദ്രത്തോട് തുക ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. 2601 കോടി രൂപ ഇനിയും കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കാനുണ്ട് മന്ത്രി പറഞ്ഞു. റേഷൻ കടകളിലെ EPOS യന്ത്രങ്ങൾ തകരാറിലാകുന്നത് പോലും സമയബന്ധിതമായി കർഷകരുടെ നെല്ലിന്റെ തുക നൽകാൻ തടസ്സമാകുന്ന സ്ഥിതിയുണ്ട്. കർഷകരുടെ പ്രതിസന്ധിയിൽ ഇത്തരത്തിൽ ഉണ്ടാകുന്ന കാലതാമസം ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്നതല്ല. കലാവസ്ഥതിഷ്‌ഠിത വിലഇൻഷുറൻസ് മാത്രമായിരുന്നു പിന്നീട് അധികമായി കർഷകർക്ക് നൽകാൻ കഴിയുന്ന ഒരു സഹായം. എന്നാൽ കൊയ്തെടുത്ത നെല്ല് ഉപേക്ഷിക്കാൻ കഴിയില്ല, ഈ സ്ഥിതിയിലാണ് ചരിത്രത്തിൽ ആദ്യമായി കൃഷിവകുപ്പ് നേരിട്ട് കർഷകരിൽ നിന്നും നെല്ല് സംഭരിക്കാൻ തീരുമാനിച്ചത്. അതിൽ കടമ്പകൾ ഏറെയായിരുന്നെങ്കിലും ക്യാബിനെറ്റിൽ ഇക്കാര്യം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെയും ധനകാര്യ വകുപ്പ് മന്ത്രിയുടെയും എല്ലാ വിധ പിന്തുണയോടും കൂടെ വകുപ്പ് നെല്ല് സംഭരിക്കാൻ തീരുമാനിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിനെ ഇതിനായി നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. സംഭരണ സംവിധാനങ്ങളുടെ അപര്യാപ്തത ഓയിൽ പാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളിയായിരുന്നു. വെയർഹൗസിങ് കോർപറേഷൻ സംഭരണ കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കി മുന്നോട്ട് വന്നു, അങ്ങനെ കേരളത്തിൽ ആദ്യമായി കൃഷി വകുപ്പ് നേരിട്ട് നെല്ല് സംഭരിക്കുന്ന പ്രവർത്തനങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു, മന്ത്രി പറഞ്ഞു.
ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ കന്നിട്ട സി പാടശേഖരത്തിലെ 70 കർഷകരിൽ നിന്നും 83077 kg നെല്ല് (19.91356 ലക്ഷം രൂപ), അമ്പലപ്പുഴ നോർത്ത് – കാട്ടുകോണം പാടശേഖരത്തിലെ 146 കർഷകരിൽ നിന്നും 255174 kg നെല്ല് (61.8848 ലക്ഷം രൂപ), കോലടിക്കാട് പാടശേഖരത്തിലെ 70 കർഷകരിൽ നിന്നും 68068 kg നെല്ല് (16.50785 ലക്ഷം രൂപ) വട്ടപ്പായിത്ര പാടശേഖരത്തിലെ 8 കർഷകരിൽ നിന്നും 9230 കിലോ നെല്ല് (2.23846 ലക്ഷം രൂപ), മാവേലിക്കര മുൻസിപ്പാലിറ്റി- കണ്ടിയൂർ പുഞ്ച പാടശേഖരത്തിൽ നിന്നും ഒരു കർഷകന്റെ 1919 kg നെല്ല് (0.48704 ലക്ഷം രൂപ), പാലമേൽ – ഉളവക്കാട് കരിമുക്കം പാടശേഖരത്തിലെ 4 കർഷകരിൽ നിന്നും 10432 കിലോ നെല്ല് (2.52457 ലക്ഷം രൂപ), മാന്നാർ – കുട വെള്ളാരി എ പാടശേഖരത്തിൽ നിന്നും 26 കർഷകരുടെ 40481 കിലോ നെല്ല് (11.41490 ലക്ഷം രൂപ), വെണ്മണി – കണ്ണാടി മുണ്ടോടി പാടശേഖരത്തിലെ 10 കർഷകരിൽ നിന്നും 9161 കിലോ നെല്ല് (2.32506 ലക്ഷം രൂപ) എന്നിങ്ങനെ 8 പാടശേഖരങ്ങളിൽ നിന്നും 335 കർഷകരുടെ 477542 കിലോ നെല്ല് സംഭരിച്ചതിന്റെ വിലയായി 1.1729624 കോടി രൂപ അനുവദിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. ഒരാഴ്ചയ്ക്കകം നെല്ലിന്റെ തുക കർഷകരുടെ അകൗണ്ടിൽ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും മന്ത്രി കൂട്ടിച്ചേർത്തു.
ഉപ്പുവെള്ളം കയറി കൃഷിനാശമുണ്ടായ കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷയോടൊപ്പമാണ് നെല്ല് സർക്കാർ സംഭരിച്ചു കർഷകർക്ക് തുക ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. PRS വായ്പ നൽകുന്നത് സിബിൽ സ്കോർ കുറയുന്നതിന് കരണമാകുന്നെന്ന തെറ്റായ ധാരണ കർഷകർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ അത് ഇളവില്ലാതെ മുഴുവൻ തുകയും സമയബന്ധിതമായി സർക്കാർ ബാങ്കുകളിൽ അടയ്ക്കുമ്പോൾ സിബിൽ സ്കോർ വർദ്ധിക്കുകയാണ് ചെയ്യുന്നത് മന്ത്രി കൂട്ടിച്ചേർത്തു. കുറ്റമറ്റ രീതിയിൽ നെല്ല് സംഭരണം നടത്തുന്നതിൽ കർഷകരോടൊപ്പം തുടർന്നും ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. കാർഷിക യന്ത്രവത്കരണത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രികരിക്കണം. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക കൃഷി രീതികൾ നമ്മുടെ കൃഷിയിടങ്ങളിൽ പ്രവർത്തികമാക്കണമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ എം.എൽ.എ. ഹെച്ച്. സലിം അധ്യക്ഷനായ ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ സിന്ധു എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ അമ്പിളി സി. ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

