യുവ ഡോക്ടർ നൽകിയ പരാതിയിൽ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റിനെ തുടർന്ന് ജാമ്യത്തിൽ വിട്ടയക്കും.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാൻ എന്ന പേരിൽ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് സന്ദർഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി.
വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നുപോയെന്നും പരാതിയിൽ പറയുന്നു.അതേസമയം വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും.എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്ന് വേടന്‍ പരിപാടിക്കിടെ പറഞ്ഞു. ജനങ്ങൾക്ക് മുന്നിൽ ജീവിച്ചു മരിക്കാനാണ് തന്റെ തീരുമാനമെന്നും വേടൻ പറഞ്ഞിരുന്നു. വേടൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

