പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് പതിനേഴ് വയസ്സുകാരിയെ തീകൊളുത്തി കൊന്ന് ആൺസുഹൃത്ത്.ചികിത്സയിലായിരുന്ന തമിഴ്നാട് തൂത്തുക്കുടി സ്വദേശിനിയായ പെൺകുട്ടി തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. പെൺകുട്ടിക്ക് അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ മുഖ്യപ്രതിയായ ആൺസുഹൃത്ത് സന്തോഷും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. കുടുംബം എതിർത്തതിന്റെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി.പിന്നീട് വീട്ടുകാർ കുട്ടിയെ കീല നമ്പിപുരത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.എന്നാൽ സന്തോഷ് പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും മാർച്ച് 23 ന് ഇയാളും സുഹൃത്ത് മുത്തയ്യയും ചേർന്ന് പെൺകുട്ടിയെ അനുനയിപ്പിക്കാൻ കീല നമ്പീപുരത്ത് എത്തുകയും ചെയ്തു.എന്നാൽ ബന്ധം തുടരാൻ വിസമ്മതിച്ച പെൺകുട്ടിയെ ഇയാൾ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് സന്തോഷിനെയും സുഹൃത്ത് മുത്തയ്യയെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു, പെൺകുട്ടി മരണപെട്ടതിനെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആറിൽ മാറ്റം വരുത്തുമെന്നും,സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.