യു.എ.ഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരിയുടെ ശിക്ഷ നടപ്പാക്കിയതായി വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഉത്തർ പ്രദേശിലെ ബാന്ദ സ്വദേശിയായ മുപ്പത്തിമൂന്നുകാരി ഷെഹ്സാദി ഖാനെയാണ് വധശിക്ഷയ്ക്ക് വിധേയയാക്കിയത്. വീട്ടുവേലക്കാരിയായി ജോലി നോക്കിയിരുന്ന ഷെഹ്സാദി, തൊഴിലുടമയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.ഫെബ്രുവരി 15-ാം തീയതിയാണ് ഷെഹ്സാദിയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു. വിഷയത്തിൽ ഫെബ്രുവരി 28-ന് യു.എ.ഇയിലെ ഇന്ത്യൻ എംബസിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ പറഞ്ഞു. മാർച്ച് അഞ്ചിനാകും സംസ്കാരം നടക്കുക. മകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയാൻ ഷെഹ്സാദിയുടെ പിതാവ് ഷബ്ബീർ ഖാൻ കോടതിയെ സമീപിക്കുകയായിരുന്നു.2021 ഡിസംബറിലാണ് ഷെഹ്സാദി അബുദാബിയിലേക്ക് പോയതെന്ന് ഷബ്ബീർ ഖാൻ കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. 2022-ൽ ഷെഹ്സാദിയുടെ തൊഴിലുടമ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിനെ നോക്കുന്ന ജോലിയായിരുന്ന ഷെഹ്സാദിക്ക്. 2022 ഡിസംബർ ഏഴാംതീയതി കുഞ്ഞ് മരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് ഷെഹ്സാദി സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. എന്നാൽ, ഇത് തൊഴിലുടമയും കുടുംബവും ഷെഹ്സാദിയെ പീഡിപ്പിച്ചും മറ്റും പറയിപ്പിച്ചതാണെന്ന് ഷബ്ബീർ ഖാൻ പരാതിയിൽ ആരോപിക്കുന്നു