കൊല്ലകടവ് ശംഭു ഭവനത്തിൽ റ്റി. ഉഷ ഏക വരുമാനദായകൻ മരിച്ചതിനുള്ള ധനസഹായം തേടി ഓഫീസുകൾ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് രണ്ടുവർഷം ആകുന്നു. ഉഷയും 90% വൈകല്യമുള്ള മകനും മൂന്ന് മക്കളുള്ള മകളും ചേർന്നതാണ് കുടുംബം. വല്ലപ്പോഴും തൊഴിലുറപ്പിൽ നിന്ന് ലഭിക്കുന്ന വരുമാനവും ക്ഷേമ പെൻഷനും ആണ് ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിന് താങ്ങായിട്ടുള്ളത്. നിലവിലെ സ്ഥിതി ചോദിച്ചറിഞ്ഞ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഇത്തരത്തിലുള്ള കുടുംബത്തിന് നൽകുന്ന ആശ്വാസ ധനസഹായമായ രണ്ട് ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയായിരുന്നു.”മകനെ ശുശ്രൂഷിക്കേണ്ട സാഹചര്യത്താൽ ഒരാൾ എപ്പോഴും വീട്ടിൽ തന്നെ നിൽക്കേണ്ട അവസ്ഥയാണ്. ഈ സഹായം വലിയ ആശ്വാസമാകുമെന്ന് ഉഷ പറഞ്ഞു.” കൃത്യമായി മസ്റ്ററിങ് നടത്താത്തതിനാൽ ക്ഷേമ പെൻഷനും തടസ്സം നേരിട്ടു വരികയായിരുന്നു. ഉഷയുടെ ഈ ആവശ്യത്തിനും എത്രയും വേഗം പരിഹാരം കാണണമെന്നും മന്ത്രി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. സാമൂഹിക സുരക്ഷാ മിഷൻ ഉദ്യോഗസ്ഥർ തന്നെ ഇക്കാര്യത്തിൽ മുൻകൈയെടുത്ത് പെൻഷൻ ഉള്ള തടസ്സം നീക്കാനും മന്ത്രി നിർദേശിച്ചു. ഏറെക്കാലമായുള്ള ആവശ്യത്തിന് പരിഹാരം കണ്ട ആശ്വാസത്തിലാണ് ഉഷ മടങ്ങിയത്.