ഏർവാടിയിലേക്ക് സിയാറത്തിന് പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് പിതാവും മകനും മരിച്ചു. മഞ്ചേരിക്കു സമീപം തൃക്കലങ്ങോട് കാരകുന്ന് ആനക്കോട്ടുപുറം മാളികപ്പറമ്പ് വീട്ടിൽ സ്വദഖത്തുല്ല (33), മകൻ മുഹമ്മദ് ഹാദി (മൂന്നര) എന്നിവരാണ് മരിച്ചത്. സ്വദഖത്തുല്ലയുടെ ഭാര്യ ഫാത്തിമ സുഹറ, മകൾ ഐസൽ മറിയം എന്നിവരെ ഉടുമല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് നാട്ടിൽ നിന്ന് കാറിൽ പുറപ്പെട്ടതായിരുന്നു. വൈകീട്ട് നാലിന് തിരുപ്പൂർ ഉടുമല റോഡിൽ പുഷ്പത്തൂരിലാണ് അപകടം. ഇവരുടെ കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. സ്വദഖത്തുല്ലയാണ് കാർ ഓടിച്ചിരുന്നത്. മൃതദേഹങ്ങൾ ഉടുമല ഗവ. ആശുപത്രിയിൽ. പിതാവ്: പരേതനായ അബ്ദുൽ കരീം. മാതാവ്: റംലത്ത്. സഹോദരങ്ങൾ: ഹിദായത്തുല്ല, കിഫായത്തുല്ല, ഇനായത്തുല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മാളികപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.