സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയില്‍നിന്ന് 17.91 ലക്ഷം വോട്ടർമാരുടെ കുറവാണ് 2025 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ കരട് പട്ടികയിലുള്ളത്.
2024 ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രില്‍ നാലിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയില്‍ ആകെ വോട്ടർമാർ 2.77 കോടി ആയിരുന്നെങ്കില്‍ കരട് പട്ടികയില്‍ 2.59 കോടിയായി കുറഞ്ഞു. 1.34 ലക്ഷം പുരുഷ വോട്ടർമാരുണ്ടായിരുന്നത് 1.25 കോടിയായി. 8.79 ലക്ഷം കുറവ്. 1.43 കോടി വനിത വോട്ടർമാരില്‍ 9.12 ലക്ഷം പേർ കുറഞ്ഞ് 1.34 കോടിയായി. ട്രാൻസ്ജെൻഡർ വോട്ടർമാർ 367ല്‍നിന്ന് 26 പേർ കുറഞ്ഞ് 341ആയി.
83,765 പ്രവാസി പുരുഷ വോട്ടർമാരില്‍ 2436 പേർ കുറഞ്ഞ് 81,329 ആയി. 6965 വനിത പ്രവാസി വോട്ടർമാരില്‍ 2156 പേർ കുറഞ്ഞ് 5850 പേരായി. പ്രവാസി ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തില്‍ മാറ്റമില്ല. ഒൻപതു പേരാണ് ഈ ഗണത്തില്‍. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒൻപത് നിയമസഭ നിയോജക മണ്ഡലങ്ങളെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലില്‍നിന്ന് ഒഴിവാക്കി.