പൊറോട്ടയും ബീഫും ആവശ്യപ്പെട്ട് അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് താഴെ ഇറക്കി പൊറോട്ടയും ബീഫും നല്‍കി.കിനാലൂർ കാട്ടിപ്പൊയില്‍ ഉമ്മച്ചിപള്ളത്തെ ശ്രീധരൻ എന്നയാളാണ് ഞായറാഴ്ച ഉച്ചയോടെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. വെട്ടുകത്തിയുമായി അയല്‍വാസിയായ ലക്ഷ്മിയുടെ വീടിന് മുകളില്‍ ഏണിവെച്ച് കയറിയ ഇയാള്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ നീലേശ്വരം എസ്.ഐ കെ.വി പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തനിക്ക് പൊറോട്ടയും ബീഫും വേണമെന്നായിരുന്നു ശ്രീധരൻ്റെ പ്രധാന ആവശ്യം. തുടർന്ന് നാട്ടുകാർ പലയിടത്തും അന്വേഷിച്ചെങ്കിലും ഞായറാഴ്ചയായതിനാല്‍ ബീഫ് ലഭിച്ചില്ല.സ്ഥലത്തെ സ്ഥിതിഗതികള്‍ വഷളായതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. പിന്നീട് എവിടെ നിന്നോ പൊറോട്ടയും ബീഫും മുട്ടക്കറിയും കൊണ്ട് വന്ന് ഇത് തുറന്ന് കാണിച്ച് കൊടുത്തതോടെയാണ് യുവാവ് ശാന്തനായത്. തുടർന്ന് ഫയർഫോഴ്സ് യുവാവിനെ തഴെ ഇറക്കി.നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പൊലീസുകാർ കൊണ്ട് വന്ന തന്നെ പൊറോട്ടയും ബീഫും മുട്ടക്കറിയും ഇയാള്‍ക്ക് നല്‍കി. ഇത് ഇനി ആവർത്തിക്കരുതെന്നും ഉപദേശം നല്‍കി.