വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പീഡന പരാതിയില്‍ യുവാവ് അറസ്റ്റിൽ. വളളക്കടവ് സ്വദേശി സുജിത്തിനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലായ് 28ന് സുജിത്തിന്റെ ഭാര്യ ഷിനിയെ, വനിതാ ഡോക്ടർ എയർഗണ്‍ ഉപയോഗിച്ച് വെടിവച്ച് പരിക്കേല്‍പ്പിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് ഇവർ അറസ്റ്റിലായപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിആർഒ ആയിരുന്ന സുജിത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വനിത ഡോക്ടർ അന്ന് മൊഴി നല്‍കിയിരുന്നു. സുജിത്തിന്റെ അവഗണന കാരണമുണ്ടായ മനഃപ്രയാസത്തെക്കുറിച്ചും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തനിക്കു നേരിട്ട യാതനയും പ്രയാസവും സുജിത്തിനെ അറിയിക്കാനാണ് ഷിനിയെ എയർഗണ്ണുപയോഗിച്ച് വെടിവച്ചത്. ഒരു വർഷത്തെ ആസൂത്രണമാണ് നടത്തിയതെന്നും കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നെന്നും പ്രതി അന്ന് പറഞ്ഞിരുന്നു. ഡോക്ടറിന്റെ പരാതിയില്‍ പൊലീസ് പീഡനത്തിനും സുജിത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസിനെ തുടർന്നാണ് സുജിത്ത് അറസ്റ്റിലായത്.