ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശിയായ കല്ലുവേലി പറമ്പിൽ ജോബി (40) നാണ് മരിച്ചത്. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ വച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിരുന്നു.പ്രതാപിന്റെ മൃതദേഹത്തെ അനുഗമിച്ചിരുന്നത് ജോബിൻ, പ്രഭു എന്നിവർ ഉൾപ്പെടെ 5 പേരാണ്.ഇന്ന് വെളുപ്പിന് ഒരുമണിയോടുകൂടി ആംബുലൻസ് കുമിളിയിൽ നിർത്തുകയും മറ്റ് രണ്ടുപേർ ചായ കുടിക്കുന്നതിന് വാഹനത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു. ഈ സമയം ജോബിൻ, പ്രഭു എന്നിവർ തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് അബദ്ധത്തിൽ കലർത്തി കുടിക്കുകയായിരുന്നു.