കോട്ടയം ആർപ്പൂക്കര വില്ലൂന്നിയിൽ യുവതി ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. വില്ലുന്നി പോത്താലിൽ വീട്ടിൽ ബിജുവിൻ്റെ മകൾ നിത്യ (20) ആണ് മരിച്ചത്. ജിമ്മിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വില്ലൂന്നി മറ്റപ്പള്ളി ഭാഗത്തായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും, പിന്നീട് നിയന്ത്രണം നഷ്ടമായി ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10 മണിയോടുകൂടി മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.