ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്നതാണ് സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പോകുന്ന ബജറ്റെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. ഡൽഹിയിലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിചെല്ലുമെന്നും സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ തുടങ്ങിയ എല്ലാ വിഭാഗം ജനങ്ങളെയും കാണുമെന്നും രേഖ ഗുപ്ത മാദ്ധ്യമങ്ങളോട് പറഞ്ഞു.ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാ കുടുംബത്തെയും ഞാൻ കാണും. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന യുവാക്കളുമായി സംസാരിക്കും. ഡൽഹിയിലെ ബജറ്റ് ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റും. ഞങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ച് ആരും സർക്കാരിനെ ഓർമിപ്പിക്കേണ്ടതില്ല”.“മാർച്ച് 24-നും 26-നും ഇടയിലായി ബജറ്റ് പ്രഖ്യാപിക്കും. ഡൽഹിയുടെ വികസനത്തിന് മുൻഗണന നൽകുന്ന ബജറ്റാണ് അവതരിപ്പിക്കാൻ പോകുന്നത്. സ്ത്രീകൾക്കുള്ള ക്ഷേമപദ്ധതികൾ, ആരോഗ്യസേവനങ്ങൾ, പൊതുഗതാഗതം വർദ്ധിപ്പിക്കൽ, നദി വൃത്തിയാക്കൽ, മലിനീകരണം കുറയ്‌ക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ ബജറ്റിന്റെ രൂപരേഖ തയാറാക്കും”.ജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് തീരുമാനങ്ങൾ കൊക്കൊള്ളും. പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.