അസാധാരണ വലിപ്പമുള്ള പാരാതൈറോയ്‌ഡ് ഗ്രന്ഥി വിജയകരമായി നീക്കം ചെയ്തു.ക്ഷീണം, പൊതുവായ ബലഹീനത, മലബന്ധം, ആവർത്തിച്ചുള്ള ഉദര അസ്വസ്ഥത തുടങ്ങിയവ അലട്ടിയിരുന്ന പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 62 കാരിക്കാണ് സർജറി വേണ്ടിവന്നത്. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ലാപ്പറോസ്കോപ്പി വിഭാഗം തലവൻ ഡോ. മാത്യൂസ് ജോണിന്റെ നേതൃത്വത്തിലായിരുന്നു 4x3x3 സെന്റീമീറ്റർ വലിപ്പമുള്ള പാരാതൈറോയ്‌ഡ് ഗ്രന്ഥി നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയ നടത്തിയത്. പ്രധാനപ്പെട്ട വെയിനും ആർട്ടറിയും ചേർന്ന് കിടക്കുന്നു സ്ഥലമായിരുന്നതിനാൽ രക്തക്കുഴലുകൾക്ക് കേടുപാടില്ലാതെ ശസ്ത്രക്രിയ നടത്തുക എന്നത് വളരെ വിഷമം പിടിച്ചതായിരുന്നു. രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയായ ഹൈപ്പർകാൽസീമിയയുടെ ലക്ഷണങ്ങളുമായി വന്നതാണ് രോഗി.ലബോറട്ടറി പരിശോധനയിൽ കാൽസ്യവും പരാഥൈറോയ്‌ഡ് ഹോർമോണും അവരിൽ ഉയർന്ന നിലയിൽ കണ്ടെത്തി. സംശയം തോന്നിയതിനാൽ വിദഗ്‌ധ പരിശോധന നടത്തുകയും അതിൽ അവരുടെ പരാഥൈറോയ്‌ഡ് ഗ്രന്ഥിയിൽ ട്യൂമർ (പരാഥൈറോയ്‌ഡ് അഡിനോമ) ബാധിച്ചിരിക്കുന്നു എന്ന് കണ്ടെത്തുകയായിരുന്നു. രക്തത്തിലെ കാൽസ്യത്തിൻ്റെ അളവ് സാധാരണയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയുമായി (ഹൈപ്പർകാൽസീമിയ) വരുന്ന രോഗികളിൽ പരാഥൈറോയ്‌ഡ് അഡിനോമയും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ രോഗിയുടെ കാര്യത്തിലൂടെ വ്യക്തമാകുന്നത്.

