പ്രിയ നടൻ ജയറാം അറുപതിലേക്ക്. ഇന്ന് താരത്തിന് 59 വയസ് പൂര്‍ത്തിയാകും.രണ്ട് ദിവസം മുമ്പായിരുന്നു ജയറാമിൻ്റെയും നടി പാർവ്വതിയുടെയും മകന്‍ കാളിദാസ് വിവാഹതനായത്. രണ്ട് മക്കളുടെയും വിവാഹശേഷം വരുന്ന ആദ്യ ജന്മദിനമെന്നതാണ് ജയറാമിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ പ്രത്യേകത. അതിന്റെ സന്തോഷത്തിലാണ് താരം.ഓരോ വയസും താന്‍ ആസ്വദിക്കുന്നുണ്ടെന്ന് ജയറാം പറഞ്ഞു. നരയും ചുളുവുകളുമെല്ലാം ആസ്വദിക്കുന്നു. മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. അടുത്ത ഒരു ഘട്ടത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.1965 ഡിസംബര്‍ 10ന് പെരുമ്പാവൂരിയിരുന്നു ജയറാമിന്റെ ജനനം. കോളേജ് കാലത്ത് തന്നെ മിമിക്രിയിലടക്കം താരം വ്യക്തിമുദ്ര പതിപ്പിച്ചു. പത്മരാജന്‍ സംവിധാനം ചെയ്ത അപരന്‍ ആയിരുന്നു ജയറാമിന്റെ ആദ്യ ചിത്രം.
എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം. അപരന്‍ എന്ന ചിത്രത്തിലേക്ക് താന്‍ ഒരു പുതുമുഖ നായകനെ തേടുന്നുണ്ട് പത്മരാജന്‍ മലയാറ്റൂരിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് മലയാറ്റൂര്‍ ഒരു ചെറുപ്പക്കാരനെ പത്മരാജന്റെ അടുത്തേക്ക് വിട്ടു. എന്നാല്‍ പത്മരാജന്‍ അത്ര തൃപ്തിയായില്ല.അങ്ങനെയാണ് കലാഭവനിലെ മിമിക്‌സ് പരേഡിലുള്ള തന്റെ ബന്ധു ജയറാമിനെക്കുറിച്ച് മലയാറ്റൂര്‍ പത്മരാജനോട് പറയുന്നത്. ജയറാമിന്റെ പ്രകടനങ്ങള്‍ പത്മരാജന്റെ മകന്‍ അനന്തപത്മനാഭനും കണ്ടിരുന്നു. ജയറാമിന്റെ കഴിവിനെക്കുറിച്ച് അനന്തപത്മനാഭന്‍ പത്മരാജനോട് പറയുകയും ചെയ്തു. അങ്ങനെയാണ് അപരന്‍ എന്ന സിനിമയിലേക്ക് ജയറാം എത്തുന്നത്.
അങ്ങനെ ജയറാമിന്റെ സിനിമാ ജീവിതത്തിലും 1988ല്‍ തുടക്കമായി. ആ വര്‍ഷം തന്നെ ജയറാമിന്റേതായി പുറത്തിറങ്ങിയത് ആറു സിനിമകളാണ്. പിന്നീട് എണ്ണം പറഞ്ഞ ചിത്രങ്ങള്‍. മികച്ച പ്രകടനങ്ങള്‍. ആരാധക മനസുകളില്‍ ജയറാം ഒരു സ്ഥാനം കണ്ടെത്തി. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ചിത്രങ്ങളിലും താരം ശ്രദ്ധേയനായി. ഈ വര്‍ഷം പുറത്തിറങ്ങിയ എബ്രഹാം ഓസ്ലര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.ഇത്രയും കാലം സന്തോഷത്തോടെ മുൻപോട്ട് പോകാൻ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും ജയറാമും പാർവ്വതിയും പറഞ്ഞു.