വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് വിമർശനം നേരിടുന്നതിനിടയില്‍ വെെകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ. തന്നെ വെറുത്താലും വിമർശിക്കുന്നവർ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.സെർവിക്കല്‍ കാൻസറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു.ഇന്ത്യയില്‍ രജിസ്റ്റർ ചെയ്ത സെർവിക്കല്‍ കാൻസർ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ട്.സെർവിക്കല്‍ കാൻസറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പറയുന്നു.’എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ’, ബോധവത്കരണ പോസ്റ്റിനൊപ്പം നടി കുറിച്ചു.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി സാമൂഹിക മാധ്യമത്തിലൂടെ സെർവിക്കല്‍ കാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയാണ് നടി. സെർവിക്കല്‍ കാൻസറിനെ കുറിച്ചുള്ള ആളുകളുടെ അഭിപ്രായവും നടി പങ്കുവെക്കുന്നുണ്ട്.സെർവിക്കല്‍ കാൻസർ ബാധിച്ച് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. സെർവിക്കല്‍ കാൻസറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താൻ വ്യാജ മരണവാർത്ത സൃഷ്ടിച്ചതെന്ന് പൂനം ഒരുദിവസത്തിന് ശേഷം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. നടിയുടെ പ്രവർത്തി തെറ്റായ മാതൃകയാണ് നല്‍കുന്നതെന്ന് താരങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സെർവിക്കല്‍ കാൻസറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.