വിവാഹത്തിനുശേഷം യുവാവ് വധുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാർ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിവാഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലാക്കിയ ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പരാതി. യുവതിയുടെ സ്വർണവും ഇയാള്‍ കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു.
ജനുവരി 23ന് ആയിരുന്നു യുവതിയെ റാന്നി സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു പരാതിയില്‍ പറയുന്നു.
വിവാഹസമയത്തു സ്വർണം കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാർ പരാതിയില്‍ പറയുന്നു. സേവ് ദ് ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെത്തിച്ച് ഉപദ്രവിച്ചതായും പരാതിയിലുണ്ട്. പെണ്‍കുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളില്‍ അപകീർത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്.
യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ ഗാർഹിക പീഡനത്തിന് ഉള്‍പ്പെടെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.