കോഴിക്കോട് അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് സ്‌കൂള്‍ അധ്യാപിക കട്ടിപ്പാറ സ്വദേശി അലീന ബെന്നി ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അലീന സ്‌കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സ്‌കൂളില്‍ നിന്ന് അഞ്ച് വര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലാണ് മകള്‍ തൂങ്ങി മരിച്ചതെന്ന് അലീനയുടെ പിതാവ് ആരോപിച്ചു.അഞ്ച് വര്‍ഷം നൂറു രൂപ പോലും ശമ്പളമില്ലാതെ ജോലി ചെയ്തിട്ടും അലീനയെ സ്ഥിരപ്പെടുത്താനോ രേഖകള്‍ നല്‍കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല. ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നുവെന്ന് അലീനയുടെ പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ വീഴ്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പിതാവ് ആരോപിച്ചു.