കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍ രാവിലെ ആരംഭിക്കുന്ന വിപുലീകൃത കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിനായി മുതിർന്ന നേതാക്കള്‍ ഇന്നലെ വൈകുന്നേരം അഹമ്മദാബാദിലെത്തി.
മഹാത്മാഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിന്‍റെ 100-ാം വാർഷികവും സർദാർ പട്ടേലിന്‍റെ 150-ാം ജന്മവാർഷികവും പ്രമാണിച്ചാണ് എഐസിസി സമ്മേളനം ഗുജറാത്തില്‍ നടത്തുന്നത്. “ന്യായപഥ്: സങ്കല്‍പ്, സമർപ്പണ്‍, സംഘർഷ്’എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി) സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.പാർട്ടി ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുൻ പ്രസിഡന്‍റുമാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും പ്രിയങ്ക ഗാന്ധി വദ്ര അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കും.
വേണുഗോപാലിനുപുറമെ വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ ഡോ. ശശി തരൂർ, കൊടിക്കുന്നില്‍ സുരേഷ്, രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, എംപിമാർ, കെപിസിസി നേതാക്കള്‍ തുടങ്ങിയവരെല്ലാം കേരളത്തില്‍നിന്ന് അഹമ്മദാബാദിലെത്തിയിട്ടുണ്ട്.എഐസിസി ഭാരവാഹികള്‍, മുഖ്യമന്ത്രിമാർ, എല്ലാ സംസ്ഥാനങ്ങളിലെയും പിസിസി പ്രസിഡന്‍റുമാർ, നിയമസഭാകക്ഷി നേതാക്കള്‍, എഐസിസി അംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെടെ 1,700ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.