ആലത്തിയൂർ ഹനുമാൻ ക്ഷേത്രം മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്ത് ആലത്തിയൂരിൽ ആണ്. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമനാണ് മുഖ്യപ്രതിഷ്ഠ. എന്നാൽ കൂടുതൽ പ്രശസ്തി ഹനുമാനാണ്. കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്.
ആലും അത്തിയും ഒന്നിച്ചു വളര്‍ന്നിരുന്ന സ്ഥലമായതു കൊണ്ട് ആലത്തിയൂര്‍ എന്ന് പേരു വന്നു എന്നാണ് വിശ്വാസം. വസിഷ്ഠ മഹർഷിയാണ് ഹനുമാന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്.
ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്താണ് ഹനുമാന്റെ വിഗ്രഹം. രാവണൻ അശോകവനികയിൽ തടവിൽ പാർപ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാൻ പുറപ്പെട്ടപ്പോൾ, അതിനുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ശ്രീരാമൻ നൽകിയത് ഈ പരിസരത്തു വെച്ചാണെന്ന് ഐതിഹ്യം.
ഇവിടുത്തെ ഹനുമാൻ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തനാണ്. ഒരു കയ്യിൽ ദണ്ഡ് പിടിച്ച് ശ്രീരാമ വചനങ്ങൾ കേട്ടിരിക്കുന്ന പ്രതിഷ്ഠയാണ് ഇവിടെ.
സീതയെത്തേടി പോയ ഹനുമാന്റെയും രാമന്റെയും സ്വകാര്യ സംഭാഷണത്തിനു വഴിയൊരുക്കി, അല്പം മാറി നിന്ന സങ്കൽപത്തിലാണിവിടെ അടുത്ത് ലക്ഷ്മണ ക്ഷേത്രം പണിതിരിക്കുന്നത്.
ക്ഷേത്രത്തിൽ ഹനുമാൻ ലങ്കയിലേക്ക് ചാടിയ സങ്കൽപ്പത്തിൽ ഒരു തിട്ട കാണാം. ഈ തിട്ടയുടെ ഒരറ്റത്തായി കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ അപ്പുറത്തേക്ക് ചാടും. ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകുമെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തരുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹങ്ങളും ഹനുമാൻ പൂർത്തിയാക്കും എന്നാണ് വിശ്വസം. അതിനാൽ ഇവിടെ ദർശനത്തിന് എത്തുന്ന ആരും ഈ ചടങ്ങ് ഒഴിവാക്കില്ല.
രാമന്റെ പ്രതിഷ്ഠ നാലുകൈകളോട് കൂടിയതാണ്. ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, നാഗങ്ങൾ തുടങ്ങിയവരാണ് ഉപദേവതമാർ. ഇവിടെ ഹനുമാന് നിത്യപൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ.
അവൽ നിവേദ്യമാണ് ഈ ക്ഷേത്രത്തിലെ മുഖ്യ വഴിപാട്. തുലാമാസത്തിലെ പൂരാടം, ഉത്രാടം, തിരുവോണം നക്ഷത്രങ്ങളിൽ പ്രധാന ഉത്സവം നടക്കുന്നു. രാമായണമാസമായ കർക്കിടകം ഇവിടെ സമുചിതമായി ആചരിച്ചു വരുന്നു. കൂടാതെ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളും പ്രധാനമാണ്.
വെറ്റിലമാലയും വടമാലയും ഹനുമാന് സമർപ്പിക്കുന്നത് ആഗ്രഹപൂർത്തീകരണത്തിനു സ ഹായിക്കുമെന്നാണ് വിശ്വാസം. ഹനുമാന്റെ അനുഗ്രഹത്തെക്കുറിച്ച് പറഞ്ഞുകേട്ടാണ് ആളുകൾ ഇവിടെ ദർശനത്തിന് എത്തുന്നത്. കുഴച്ച പൊതി അവല്‍ നിവേദ്യം ദിവസവും രാവിലെയും വൈകിട്ടും നടക്കും. അവില്‍ വഴിപാട് പൊതി കണക്കാണ്.
അവല്‍ പ്രസാദം പതിനഞ്ചുദിവസം കേടുകൂടാതെയിരിക്കും. സീതയെ തേടി പുറപ്പെട്ട ഹനുമാന്റെ കൈയിൽ ഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നൽകിയെന്ന് ഐതീഹ്യം. ശ്വാസം മുട്ടിന് പാളയും കയറും വഴിപാട് ചെയ്താൽ മതി. ശ്രീരാമന് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തുന്നു. കുഴച്ച അവിൽ, പാൽപ്പായസം, ഗദ സമർപ്പണം, ചതുശ്ശതം, തിരുവോണ ഊട്ട്, എന്നിവയാണ് പ്രധാന വഴിപാടുകൾ. ചിങ്ങമാസത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ഇവിടെ നടക്കുന്നത്.
തയ്യാറാക്കിയത്. ഡോ.പി ബി ആർ