പരാതിയെല്ലാം മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയെന്നും എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്നും പി വി അന്‍വര്‍ എംഎൽഎ.
എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രിക്കെതിരായ കൂടികാഴ്ചയ്ക്ക് ശേഷം അന്‍വര്‍ പറഞ്ഞു. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളിലും മൗനം പാലിച്ചു. സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനകളില്‍ അന്‍വറിനെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍വര്‍ മൗനത്തിലേക്ക് പോകുന്നത്. വിവാദ ചോദ്യങ്ങളില്‍ നിന്നും അന്‍വര്‍ അകലം പാലിച്ചു.
സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച ഏതാണ്ട് അരമണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്നും കാര്യങ്ങള്‍ കൃത്യമായി എഴുതി നല്‍കിയെന്നും പി.വി.അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു. ‘കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു, കൃത്യമായി എഴുതിക്കൊടുത്തു. അദ്ദേഹം വളരെ ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ കേട്ടു, സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ. ഇതേ പരാതി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നല്‍കും. എന്റെ ഉത്തരവാദിത്തം ഇവിടെ അവസാനിക്കുകയാണ്. സഖാവ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ് ചെയ്തത്. പാര്‍ട്ടിയുടെ പ്രധാന സഖാവ് കൂടിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിനോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘവുമായി പൂര്‍ണമായി സഹകരിക്കും.’ പി.വി.അന്‍വര്‍ പറഞ്ഞു