അതിരപ്പിള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ കൃത്യമായ ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി. ഗുരുതരമായി പരിക്കേറ്റ ഷാജുവിനെ ആംബുലന്‍സ് കേടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആക്ഷേപം. പൊലീസിന് ആംബുലന്‍സ് ഉണ്ടെങ്കിലും പൊതുജനങ്ങളുടെ ആവശ്യത്തിന് വിട്ടു നല്‍കുന്നില്ലെന്നും പരാതിയുണ്ട്.കുറ്റിച്ചിറ സ്വദേശി ഷാജുവാണ് തെങ്ങില്‍ നിന്ന് വീണ് മരിച്ചത്. ചെത്തുതൊഴിലാളിയായിരുന്നു ഷാജു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണന്‍കുഴിയില്‍ നിന്ന് ജീപ്പില്‍ വെറ്റിലപ്പാറയിലേക്ക് എത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ കയറ്റിയെങ്കിലും മുന്നോട്ടു എടുത്തപ്പോള്‍ തന്നെ ആംബുലന്‍സ് കേടായി. പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലന്‍സില്‍ യാത്ര തുടര്‍ന്നത്. യാത്രാമധ്യേ വീണ്ടും ആംബുലന്‍സ് തകരാറിലായി. 108 ആംബുലന്‍സ് ആണ് തകരാറിലായത്.