കോഴിക്കോട് പൂനൂർ നെരോത്ത് ഐസ് പ്ലാൻ്റിൽ നിന്നും അമോണിയ ചോർന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സമീപവാസിയായ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്ങാട് നെരോത്ത് നൊച്ചിക്കുന്നുമ്മൽ ഗ്രാൻ്റ് ഐസ് പ്ലാൻ്റിൽ നിന്നാണ് അമോണിയ ചോർന്നത്. ആരോഗ്യ പ്രശ്നത്തെ തുടർന്ന് മങ്ങാട് എയു പി സ്കൂൾ വിദ്യാർത്ഥിനി റഷഫാത്തിമയെ
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആറുമാസം മുൻപും ഇവിടെ അമോണിയ ചോർന്ന് നിരവധി പേർ ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും സമീപത്തെ കൃഷികൾ കരിഞ്ഞുണങ്ങുകയും ചെയ്തിരുന്നു. നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തടർന്ന് പ്ലാൻ്റ് അടച്ചിട്ടു. എന്നാൽ പ്ലാൻ്റിലെ മെഷീനുകൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് വീണ്ടും വാതകചോർച്ച ഉണ്ടായത്. സ്ഥലത്തിൻ്റെ 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് പോലീസും , ഫയർഫോഴ്സും ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.