ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്.പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കോന്നി പൊലീസ് കേസെടുത്തത്.ലൈഫ് മിഷൻ, ടോയ്‌ലെറ്റ് മെയിന്റനൻസ് ഫണ്ട് എന്നിവയിലെ തുകകളിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയ തുകയേക്കാൾ അധികം തുക ഗുണഭോക്താക്കൾക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.പട്ടികയിൽ ഉൾപ്പെടാത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പദ്ധതി തുക കൈമാറിയെന്നാണ് കണ്ടെത്തൽ.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.റാണി ലക്ഷ്മി ജോലി ചെയ്തിരുന്ന സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് റിപ്പോർട്ട്.ജനകീയാസൂത്രണ ഭവന നിർമാണ പദ്ധതി, വീട് മെയിന്റനൻസ്, ശുചിമുറി നവീകരണം തുടങ്ങിയ പദ്ധതികളിലാണ് ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ.ബന്ധുക്കളെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി പദ്ധതി ആനുകൂല്യങ്ങൾ കൈമാറിയതായും ആരോപണമുണ്ട്.

