–റ്റി. എസ്. രാജശ്രീ
ഏപ്രില്‍ 1-ന്‍റെ പ്രത്യേകതയെന്താണെന്നറിയാമല്ലോ?
ലോകവിഡ്ഢിദിനം, ഏപ്രില്‍ഫൂള്‍ ഡേ. വിഡ്ഢിയാകുന്നയാളിനെ ഏപ്രില്‍ഫൂള്‍ എന്നാണ് പറയുന്നത്.
വിഡ്ഢിദിനത്തിന്‍റെ ഭാഗമായി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അയല്‍വാസികളെയും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വിഡ്ഢികളാക്കുന്ന പതിവ് മിക്ക രാജ്യങ്ങളിലുമുണ്ട്.
ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലന്‍ഡ്, കാനഡ, ദക്ഷിണാഫ്രിക്ക, അമേരിക്ക, ഫ്രാന്‍സ്, അയര്‍ലന്‍റ് തുടങ്ങി അനേകം രാജ്യങ്ങളില്‍ വിഡ്ഢിദിനം ആഘോഷിക്കുന്നു.
ചില രാജ്യങ്ങളില്‍ ആ ദിവസം ഉച്ചവരെയേ ഫൂളാക്കാന്‍ പാടുള്ളൂ എന്നുകരുതുന്നു.
ചില രാജ്യങ്ങളില്‍ വൈകുന്നേരം വരെ ഫൂളാക്കല്‍ പരിപാടി തുടരുന്നു.
ചരിത്രം
എങ്ങനെയായിരുന്നു വിഡ്ഢിദിനത്തിന്‍റെ തുടക്കം? പറയാം.
ഇതിനു പിന്നില്‍ പല കഥകളും പ്രചാരത്തിലുണ്ട്.
ഇവയില്‍ പ്രധാനപ്പെട്ടത് ഇതാണ് : ഗ്രിഗോറിയന്‍ കലണ്ടറനുസരിച്ച് പുതുവര്‍ഷദിനം ജനുവരി 1-ലേക്ക് മാറ്റിയത് പലരും വൈകിയാണ് അറിഞ്ഞത്.
അതിനുമുമ്പ് ഏപ്രില്‍ 1-നായിരുന്നു എല്ലാവരും പുതുവര്‍ഷാരംഭം ആഘോഷിച്ചിരുന്നത്.
ജനുവരി 1 വര്‍ഷാരംഭമാക്കിയ വിവരം അറിയാത്തവര്‍ ഏപ്രില്‍ 1-ന് തന്നെ പുതുവര്‍ഷദിനം ആഘോഷിച്ചുകൊണ്ടേയിരുന്നു.
ഇവര്‍ അങ്ങനെ ആദ്യത്തെ ഏപ്രില്‍ഫൂളുകളായി.
ഇങ്ങനെയായിരുന്നുവത്രേ ഏപ്രില്‍ഫൂളിന്‍റെ തുടക്കം.
മറ്റൊരു കഥയും പറയാം.
ഒരിക്കല്‍ റോമിലെ രാജാവിനോട് കൊട്ടാരവിദൂഷകര്‍ ഉണര്‍ത്തിച്ചു,”തിരുമനസ്സേ, ഞങ്ങള്‍ക്ക് അങ്ങയേക്കാള്‍ നന്നായി രാജ്യം ഭരിക്കാന്‍ അറിയാം.”
ഇതുകേട്ട് രാജാവിന് അത്ഭുതം തോന്നി.
അദ്ദേഹം അല്‍പ്പം രസികനായിരുന്നതുകൊണ്ട് കോപിച്ചില്ല.
അദ്ദേഹം പറഞ്ഞു,”ശരി, എങ്കില്‍ നിങ്ങളിലാരാളായ കുഗലിനെ ഞാന്‍ ഒരു ദിവസത്തേക്ക് രാജാവാക്കാം.”
അങ്ങനെ കുഗല്‍ ഒരു ദിവസത്തേക്ക് രാജാവായി.
അന്ന് അയാള്‍ ചെയ്തുകൂട്ടിയ വിഡ്ഢിത്തങ്ങള്‍ക്ക് കൈയും കണക്കുമില്ലായിരുന്നു.
എന്തായാലും സംഗതി രാജാവിന് നന്നേ രസിച്ചു.
ഇതൊരു പതിവാക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
ഇപ്രകാരം വിഡ്ഢിദിനം വര്‍ഷംതോറും കൊണ്ടാടപ്പെട്ടു.
പലയിടത്ത് പലവിധം
സ്കോട്ട്ലാന്‍ഡുകാര്‍ക്ക് വിഡ്ഢികളാകാനും വിഡ്ഢികളാക്കാനും വളരെ ഇഷ്ടമായിട്ടാണോ എന്തോ രണ്ടു ദിവസം ഇവര്‍ വിഡ്ഢിദിനങ്ങളായി ആഘോഷിക്കുന്നു.
ഫൂള്‍ എന്ന അര്‍ത്ഥത്തില്‍ ‘ഗോക്ക്’ എന്ന വാക്കാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ഈ നാട്ടില്‍ ഫൂളാകുന്നവര്‍ ഏപ്രില്‍ഫൂളല്ല, ഏപ്രില്‍ ഗോക്കാണ്.
“എന്നെയൊന്നിടിക്കുമോ” എന്നെഴുതി ആളുകളുടെ മുതുകില്‍ അവരറിയാതെ വസ്ത്രത്തിലൊട്ടിച്ചുവെയ്ക്കുകയാണ് ഇവിടത്തെ സ്ഥിരം ഫൂള്‍പരിപാടി.
ഫ്രാന്‍സിലെ ഫൂളാക്കല്‍ എങ്ങനെയെന്നോ?
കുട്ടികള്‍ കടലാസ് കൊണ്ട് മീന്‍രൂപമുണ്ടാക്കി കൂട്ടുകാരുടെ ഉടുപ്പില്‍ തൂക്കിയിടുന്നു.
അവര്‍ അതറിയുമ്പോള്‍ ഏപ്രില്‍ഫൂള്‍ എന്ന അര്‍ത്ഥത്തില്‍ ‘പോയ്സണ്‍ഡിഅവ്റില്‍’ എന്നുറക്കെ വിളിച്ചുകൂവുന്നു.
പോളണ്ടില്‍ ഈ ദിവസത്തില്‍ ഗൗരവപരമായ ജോലികളെല്ലാം മാറ്റിവെച്ച് മറ്റുള്ളവരെ വിഡ്ഢികളാക്കുന്നതില്‍ എല്ലാവരും മുഴുകുന്നു.
മറ്റുള്ളവരുടെ പുറത്ത് വെള്ളമൊഴിക്കുന്നതും വിഡ്ഢിപരിപാടികളിലുള്‍പ്പെടും.
ബെല്‍ജിയത്തിലാണെങ്കില്‍ കുട്ടികള്‍ അച്ഛനമ്മമാരെ മുറിയില്‍ പൂട്ടിയിടുന്നു.
തങ്ങള്‍ക്കിഷ്ടപ്പെട്ട സമ്മാനം വാങ്ങിത്തരാമെന്ന് സമ്മതിച്ചാലേ തുറന്നുവിടുകയുള്ളൂ.
ഏപ്രില്‍ 1-ന് നിങ്ങള്‍ ഇംഗ്ലണ്ടില്‍ പോയാല്‍ ഫൂളാവുകയല്ല, നോഡിയാകും, അല്ലെങ്കില്‍ ഗോബിയാകും.
ഏപ്രില്‍ഫൂളുകളെ നോഡി, ഗോബി എന്നൊക്കെയാണ് ഇംഗ്ലീഷുകാര്‍ വിളിക്കുന്നത്.
മെക്സിക്കോയിലെ ആളുകള്‍ ഡിസംബര്‍ 28-നാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്.
ഡെന്‍മാര്‍ക്കിലും സ്വീഡനിലും ഏപ്രില്‍1-ഉം മെയ് 1-ഉം വിഡ്ഢിദിനങ്ങളാണ്.
ഏപ്രില്‍ഫൂളാക്കിയാല്‍ ഇങ്ങനെ പറഞ്ഞാണ് സ്വീഡന്‍കാര്‍ ആര്‍ത്തുവിളിക്കുക,”ഏപ്രില്‍ ഏപ്രില്‍ ഡിന്‍ഡുമാസില്‍, ജഗ്കാന്‍ ലുറാഡിഗ് വര്‍ട് ജഗ്വില്‍.”
മെയ്ഫൂളുകാരോട് പറയുന്നത്,”മജ്മജ് മനേ ജഗാ കാന്‍ ലുറാ ഡിഗ് ടില്‍സ് കാനേ” എന്നായിരിക്കും.
ആളുകളെ ഫൂളാക്കാന്‍ ഏപ്രില്‍ 1-ാം തീയതി മിക്ക സ്വീഡിഷ് പത്രങ്ങളുടെ ആദ്യപേജിലും ഒരു തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പതിവുണ്ട്.
ഫൂളാക്കല്‍ പരിപാടികള്‍
പഞ്ചസാരഡപ്പയില്‍ ഉപ്പ് നിറച്ചുവെയ്ക്കുക, കംപ്യൂട്ടര്‍മൗസ്ബോള്‍ ഡേപ്പ് ഒട്ടിച്ച് അനക്കാന്‍ പറ്റാത്ത രീതിയിലാക്കുക, അലാറം ഒരു മണിക്കൂര്‍ വൈകി വെയ്ക്കുക, പഴയ പത്രത്തിന്‍റെ ഉള്‍പേജെടുത്ത് അന്നത്തെ പത്രത്തില്‍ വെയ്ക്കുക, കോളിംഗ്ബെല്‍ അടിച്ചിട്ട് ഒളിഞ്ഞുനില്‍ക്കുക തുടങ്ങി ഇന്‍റര്‍നെറ്റില്‍ വരെ ഫൂളാക്കല്‍ പദ്ധതികള്‍ അരങ്ങേറുന്നുണ്ട്.
ഏപ്രില്‍ഫൂള്‍ വണ്ടറുകള്‍
1957 ഏപ്രില്‍ 1-ന് ബിബിസി റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത എന്തായിരുന്നെന്നോ?
സ്വിറ്റ്സര്‍ലന്‍ഡില്‍ കുറെ കൃഷിക്കാര്‍ പിസാ കൃഷി ചെയ്യുന്നുവെന്നായിരുന്നു വാര്‍ത്ത.
മരങ്ങളില്‍ നിന്നും പിസാ പറിക്കുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചു.
ഇത് വിശ്വസിച്ച അനേകം കാണികള്‍ തങ്ങള്‍ക്കും അതിന്‍റെ തൈകള്‍ വേണമെന്ന് പറഞ്ഞ് ചാനലിനെ സമീപിക്കുകയുണ്ടായി.
1996-ലെ ഏപ്രില്‍ഫൂള്‍ദിവസം ഇന്‍റര്‍നെറ്റില്‍ 24 മണിക്കൂര്‍ ക്ലീനിംഗ് പ്രോഗ്രാം നടക്കുന്നതായും ആ സമയത്ത് നെറ്റ് തുറന്നാല്‍ എല്ലാം ഡിലീറ്റ് ആയിപ്പോകുമെന്നും എല്ലാവരും സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.