കപട രാജ്യസ്നേഹം നടിക്കുന്ന ചെന്നായക്കളെക്കാൾ നല്ലത് പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതരത്വത്തിനും ഭരണഘടനയ്ക്കും കാവൽനിൽക്കുന്ന പട്ടികൾ ആവുന്നതാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്ണൻ. കോൺഗ്രസുകാർ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളാണെന്ന് അനിൽ ആന്റണി പറഞ്ഞിരുന്നു. ഇതിനെതിരേയായിരുന്നു അനിൽ ആന്റണിയുടെ പേര് പരാമർശിക്കാതെയുള്ള അർജുൻ രാധാകൃഷ്ണന്റെ പ്രതികരണം. ഫെയിസ്ബുക്കിലൂടെയായിരുന്നു അനിൽ ആന്റണിക്കെതിരേ ഒളിയമ്പെറിഞ്ഞ് അർജുൻ പ്രതികരിച്ചത്.
കോൺഗ്രസ് ആകുന്ന സൂര്യന്റെ സഹായം കൊണ്ട് മാത്രം പ്രകാശിക്കുന്ന ഇത്തരം ചന്ദ്രന്മാർക്കുള്ള ശക്തമായ മറുപടിയാകും പത്തനംതിട്ടയിലെ ആന്റോ ആന്റണിയുടെ ഭൂരിപക്ഷമെന്നും കുറുപ്പിൽ പറയുന്നു. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും വെല്ലുവിളികളുമൊക്കെ കോൺഗ്രസ് പാർട്ടി നേരിടുകയും അവ വിജയകരമായി തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അതുപോലെ ഈ പ്രതിസന്ധിയും കോൺഗ്രസ് അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കന്യാകുമാരി മുതൽ കാശ്മീർ വരെ ആഴത്തിൽ വേരുകളുള്ള ഒരൊറ്റ രാഷ്ട്രീയ പ്രസ്ഥാനം മാത്രമേ ഇന്ന് രാജ്യത്തുള്ളൂ. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മാത്രമാണ്. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഒരുപാട് പ്രതിസന്ധികളും പ്രയാസങ്ങളും വെല്ലുവിളികളുമൊക്കെ ഈ പ്രസ്ഥാനം നേരിടുകയും അവ വിജയകരമായി തരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുപോലെ ഇപ്പോഴത്തെ തളർച്ചയേയും പാർട്ടി അതിജീവിക്കും.
പ്രതിസന്ധി ഘട്ടത്തിൽ പ്രതീക്ഷ ഇല്ല എന്ന് കണ്ട് പിതാക്കൻമാരുടെ പാരമ്പര്യം തൂക്കി വിറ്റ് മറുകണ്ടം ചാടുന്നവരോട് ഒന്നേ പറയാനുള്ളൂ, കപട രാജ്യസ്നേഹം നടിക്കുന്ന ചെന്നായകളെക്കാൾ എന്തുകൊണ്ടും നല്ലത് പതിറ്റാണ്ടുകളായി ഇന്ത്യൻ മതേതരത്വത്തിനും ഭരണഘടനയ്ക്കും കാവൽനിൽക്കുന്ന പട്ടികൾ ആവുക തന്നെയാണ്.
കോൺഗ്രസ്സ് ആകുന്ന സൂര്യന്റെ സഹായം കൊണ്ട് മാത്രം പ്രകാശിക്കുന്ന ഇത്തരം ചന്ദ്രന്മാർക്കുള്ള ശക്തമായ മറുപടിയാകും പത്തനംതിട്ടയിലെ ആന്റോ ആന്റണിയുടെ വമ്പിച്ച ഭൂരിപക്ഷം….