അഞ്ചലിൽ നവംബറിൽ നടന്ന എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. അലയമണ്‍ സ്വദേശി ലീന ജേക്കബ്, മകന്‍ റോണക്ക് സജു ജോർജ്, ആലഞ്ചേരി സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ലീനയുടെ ഡ്രൈവര്‍ കൂടിയായ മറ്റൊരു പ്രതി പ്രദീപ് ചന്ദ്രൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് 84 ഗ്രാം എംഡിഎംഎയുമായി അഞ്ചലിലെ കോൺഗ്രസ് നേതാവ് ഷിജുവും സുഹൃത്തായ സാജനും പിടിയിലായത്. ലഹരി മരുന്ന് സംഘത്തിൽ കൂടുതൽ പേരുണ്ടെന്ന പൊലീസിന്റെ നിഗമനമാണ് 4 പ്രതികളുടെ കൂടി അറസ്റ്റിലേക്ക് എത്തിയത്. ഒളിവിൽ കഴിഞ്ഞിരുന്ന ഏരൂര്‍ അയിലറ സ്വദേശി പ്രദീപ് ചന്ദ്രനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അമ്മയും മകനുമടക്കം 3 പേർ കൂടി കുടുങ്ങിയത്. അലയമണ്‍ സ്വദേശി ലീന ജേക്കബ്, മകന്‍ റോണക്ക് സജു ജോർജ്, ഇയാളുടെ സുഹൃത്തായ ആലഞ്ചേരി സ്വദേശി ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ലീനയുടെ ഡ്രൈവറായി പ്രവർത്തിച്ചയാളാണ് പ്രദീപ്. ഇയാൾക്ക് എംഡിഎംഎ കടത്താന്‍ സാമ്പത്തിക സഹായം ചെയ്തതും ഒളിവിൽ കഴിയാൻ സൗകര്യങ്ങൾ ഒരുക്കി നല്‍കിയതും ലീനയാണെന്ന് പൊലീസ് കണ്ടെത്തി.