വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും ആശുപത്രി തകർക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.തിരുവനന്തപുരം കല്ലറ തറട്ടയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്‌ച രാത്രി 11.35നാണ് സംഭവം. കല്ലറ കാട്ടുപുറം സ്വദേശി അരുണ്‍ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായർ (43) എന്നിവരാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഇവരെ അറസ്‌റ്റ് ചെയ്‌തു.മദ്യപാനത്തിനിടെ ബാറില്‍ വച്ചുണ്ടായ അടിപിടിയില്‍ തലയ്‌ക്ക് പരിക്കേറ്റാണ് ഇവർ ചികിത്സ തേടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടർ അരുണിനോട് ഒപി ടിക്കറ്റെടുക്കണം എന്ന് പറഞ്ഞു. പരിക്കേറ്റയാള്‍ക്ക് ഡോക്‌ടറും നഴ്‌സുമാരും ചേർന്ന് മരുന്നുവയ്‌ക്കവെ രണ്ടാം പ്രതി മുറിയില്‍ അതിക്രമിച്ച് കയറി വീഡിയോ പകർത്തി. പിന്നാലെ ഡോക്‌ടറെ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആശുപത്രി ജീവനക്കാർക്ക് നേരെ കത്തിവീശിയ ഇവർ ഡോക്‌ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിച്ചു. വനിതാ ഡോക്‌ടർ ശുചിമുറിയിലൊളിച്ചു. ഇതിനിടെ ഇവർ ആശുപത്രി തകർത്തു.മരുന്നടക്കമുള്ള സാധനങ്ങള്‍ പ്രതികള്‍ തകർത്തു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പൊലീസിനോടും ഇവർ അക്രമം നടത്താൻ ശ്രമിച്ചു. ഇവരെ പൊലീസ് പിന്നാലെ പിടികൂടി. ഡോക്‌ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു