ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആന്ധ്രാ പ്രദേശിലെ തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കാന്‍ ശ്രമം.
നിലവില്‍ എന്‍ഡിഎ സഖ്യത്തിലുള്ള ടിഡിപിയെ ഇന്ത്യാ സഖ്യത്തിലെത്തിച്ചുകൊണ്ട് ഭരണം പിടിച്ചടക്കാനുള്ള ശ്രമമാണിപ്പോൾ ഊര്‍ജിതമായത്.
അതേസമയം, ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിലനിര്‍ത്താനും ഭരണതുടര്‍ച്ച ഉറപ്പാക്കാനും ബിജെപിയും കരുക്കള്‍ നീക്കുന്നുണ്ട്.
പുതിയ സര്‍ക്കാരില്‍ ചന്ദ്രബാബു നായിഡു കിങ് മേക്കറാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
എന്‍ഡിഎ സഖ്യത്തിലും നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയും പിടിച്ചുനിര്‍ത്തുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകവുമാണ്.
ഇതിനിടെയാണ് ചന്ദ്രബാബു നായിഡുവിനെ ലക്ഷ്യമിട്ട് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ആന്ധ്രാ പ്രദേശിന് കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി എന്ന പേരിലാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് എക്‌സിലൂടെ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്.
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പത്തു വര്‍ഷം മോദി ചെയ്യാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ജയറാം രമേശ് വ്യക്തമാക്കി.