മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മുഗള്‍ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട സംഘർഷം ഉണ്ടായതിന് പിന്നാലെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആർഎസ്എസ് രംഗത്ത്.ഔറംഗസേബിനും അദ്ദേഹത്തിന്റെ ശവകുടീരത്തിനും ഇപ്പോഴത്തെ കാലത്ത് പ്രസക്തി ഇല്ലെന്നും ഒരു തരത്തിലുള്ള അക്രമവും സമൂഹത്തിന് ആരോഗ്യകരമല്ലെന്നും ആർഎസ്എസ് പറയുന്നു.മുതിർന്ന ആർഎസ്എസ് പ്രവർത്തകൻ സുനില്‍ അംബേക്കറാണ് ഇക്കാര്യം പറഞ്ഞത്.ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായ സംഘർഷത്തില്‍ 30ലധികം പേർക്ക് പരിക്കേറ്റിരുന്നു, ഇതില്‍ കൂടുതലും പോലീസ് ഉദ്യോഗസ്ഥരാണ്.ഔറംഗസേബ് ഇന്ന് പ്രസക്തനാണെങ്കില്‍, ശവകുടീരം നീക്കം ചെയ്യണോ എന്നതാണ് ചോദ്യം. ഉത്തരം അദ്ദേഹം പ്രസക്തനല്ല എന്നതാണ്. ഏത് തരത്തിലുള്ള അക്രമവും സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല” സുനില്‍ അംബേക്കർ പറയുന്നു. സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതിന് പിന്നാലെയാണ് ആർഎസ്എസ് നേതാവിന്റെ പ്രതികരണം.മഹാരാഷ്ട്രയിലെ മുഗള്‍ ചക്രവർത്തി ഔറംഗസേബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി ഉണ്ടാവുന്നതല്ല. മറാത്ത രാജാവായ ഛത്രപതി സംബാജി മഹാരാജിന്റെ ചരിത്രവും ഔറംഗസീബ് അദ്ദേഹത്തെ എങ്ങനെ വധിച്ചു എന്നതും കാണിക്കുന്ന ബോളിവുഡ് ചിത്രമായ ഛാവയുടെ റിലീസിന് ശേഷമാണ് വീണ്ടും ഔറംഗസേബ് വിവാദങ്ങളില്‍ നിറഞ്ഞത്.ഖുല്‍ദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദള് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. പ്രതിഷേധത്തിനിടെ ‘ചാദർ’ ധരിച്ച ഔറംഗസേബിന്റെ ഒരു കോലം അവർ കത്തിച്ചു. ഇതിന് പിന്നാലെ ഈ പ്രതിഷേധത്തില്‍ മതപരമായ ചില വസ്തുക്കള്‍ കൂടി കത്തിച്ചുവെന്ന പ്രചാരണം ശക്തമാവുകയായിരുന്നു.ഇതാണ് നാഗ്പൂരിനെ നടുക്കിയ ആക്രമണത്തിലേക്ക് നയിച്ചത്. മഹല്‍, ഹൻസപുരി പ്രദേശങ്ങളില്‍ വ്യാപകമായ ആക്രമണത്തിനും തീവയ്പ്പിനും ഇത് കാരണമായി. നിരവധി വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കി.തുടർന്ന് അക്രമത്തിന്റെ മുഖ്യസൂത്രധാരനും ന്യൂനപക്ഷ ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) നേതാവുമായ ഫാഹിം ഷമീം ഖാനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു.സമാധാനപരമായ പ്രതിഷേധമാണ് വിഎച്ച്പി നടത്തിയതെന്നും അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നുമാണ് സംഘടനയുടെ നേതാക്കള്‍ വ്യക്തമാക്കിയത്. അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ പറഞ്ഞതാണെന്നും പെട്രോള്‍ ബോംബുകള്‍ വരെ അവർ മുൻകൂട്ടി തയ്യാറാക്കിയിരുന്നുവെന്നുമാണ് വിഎച്ച്പി ആരോപിക്കുന്നത്.