ആയുർവേദ ചികിത്സ: പ്രാക്ടീസ് ചെയ്യാൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം.
സംസ്ഥാന നിയമമായ KSMP Act, 2021, കേന്ദ്ര നിയമങ്ങളായ IMCC Act 1970, NCISM Act, 2020 പ്രകാരം കേരളത്തിൽ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നടത്തുന്നതിനും അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും അനിവാര്യമാണെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്ട്രാർ അറിയിച്ചു.
ആയുർവേദ ചികിത്സാ മേഖലയിൽ വർദ്ധിച്ചു വരുന്ന വ്യാജ വൈദ്യ സ്ഥാപനങ്ങളെ സംബന്ധിച്ച് നവകേരള സദസിൽ ലഭിച്ച പരാതികൾ പരിശോധിച്ചാണ് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിന്റെ തീരുമാനം.
രാജ്യത്തെ ആയൂർവേദ വൈദ്യശാസ്ത്ര പഠനത്തിന്റെ മാനദണ്ഡങ്ങളും സിലബസും തീരുമാനിക്കുന്നത് നാഷണൽ കമ്മീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ആണ്.
അവർ അംഗീകരിച്ച കോഴ്‌സുകൾക്കാണ് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നൽകുന്നത്.
വൈദ്യശാസ്ത്ര പഠനം എന്നത് ശരീരശാസ്ത്രം, രോഗനിർണയം, ഔഷധങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ അടങ്ങിയ സമഗ്രമായ ഒരു പാഠ്യപദ്ധതിയാണ്.
അംഗീകൃത യോഗ്യത ഇല്ലാത്തവർക്ക് ചികിത്സിക്കാൻ അനുവാദം കൊടുക്കാൻ പാടില്ലെന്നും അത്തരക്കാർക്ക് എതിരെ നടപടി എടുക്കണമെന്നും സുപ്രീം കോടതി വിധിയുണ്ട്.
ആവശ്യത്തിന് ചികിത്സകർ ഉളള സാഹചര്യത്തിൽ അറിവും യോഗ്യതയും ഇല്ലാത്തവർ ജീവനും സ്വത്തിനും ഭീഷണിയാണെന്നും അത്തരക്കാർക്ക് രജിസ്‌ട്രേഷൻ നൽകാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അംഗീകൃത യോഗ്യതയില്ലാത്തവർക്ക് ബി ക്ലാസ്സ് രജിസ്‌ട്രേഷൻ നൽകുന്നതിന് സർക്കാരിന് പ്രത്യേക അധികാരം നൽകിയിരുന്ന 1953 ലെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ആക്ടിലെ Sec-38, ഒന്നാം ക്ലിപ്ത നിബന്ധന ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
നിലവിലുളള കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് നിയമത്തിലെ 37-ാം വകുപ്പും അതിന്റെ ഉപവകുപ്പുകളും പ്രകാരം അംഗീകൃതയോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഇല്ലാത്തവർ, (Registered Practitioner) ചികിത്സ നടത്തിയാൽ രണ്ട് ലക്ഷം രൂപ മുതൽ പരമാവധി 10 ലക്ഷം രൂപ വരെ പിഴയും ഒരു വർഷം മുതൽ നാലു വർഷം വരെ തടവോ രണ്ടും കൂടിയോ ലഭിച്ചേക്കാവുന്ന കുറ്റമാണ്.
കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അധ്യായം XVI പ്രകാരമുള്ള വകുപ്പുകളും കുറ്റത്തിനനുസരിച്ച് ചേർക്കാം.
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ (KSMC) രജിസ്റ്റർ ചെയ്തവർക്ക് മാത്രമെ ഏത് വൈദ്യ ശാസ്ത്ര ശാഖയായാലും, കേരളത്തിൽ പ്രാക്ടീസ് ചെയ്യാൻ കഴിയുകയുളളു.
അംഗീകാരമില്ലാത്ത ചികിത്സാരീതികൾക്ക് അംഗീകാരം നൽകാനും രജിസ്‌ട്രേഷൻ കൊടുക്കുവാനും നിലവിലെ നിയമങ്ങളുടേയും കോടതിവിധികളുടേയും അടിസ്ഥാനത്തിൽ സാധ്യമല്ല എന്നും ഇത്തരത്തിൽ യോഗ്യതയില്ലാതെ ചികിത്സിക്കുന്നവർക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും കൗൺസിൽ അറിയിച്ചു.