നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കോസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു.50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.ഇന്ന് കേസ് പരിഗണിക്കവെ ജാമ്യം അനുവദിക്കാമെന്ന് ഹൈകോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. പൊലീസിന് കസ്റ്റഡി ആവശ്യമില്ലെന്നും കോടതിയിൽ നിന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ബോബി ചെമ്മണ്ണൂർ ചെയ്തതെന്നും വിലയിരുത്തിയാണ് ഹൈകോടതിയുടെ നടപടി. ഹരജിയിൽ വീണ്ടും നടിയെ അപമാനിച്ചതിൽ ഹൈകോടതി അതൃപ്തി അറിയിച്ചു. ഹണി റോസ് വലിയ ആളല്ലെന്നുമായിരുന്നു ഹരജിയിലെ പരാമർശം. ഇതിൽ കോടതി അതൃപ്തി അറിയിച്ചതോടെ അത് നീക്കാമെന്ന് ഹരജിക്കാരൻ കോടതിയിൽ വ്യക്തമാക്കി.