പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയൽവാസികൾ അടിച്ചുകൊന്നു.
കണ്ണൂർ പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാർ ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്.
ഇന്നലെ വൈകിട്ട് ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
രാത്രി എട്ടു മണിയോടെ ഇവർ തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി.
ഇതിന്റെ തുടർച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡിൽ വച്ച് ഹെൽമറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മർദ്ദിച്ചു.
തടയാൻ ശ്രമിച്ച പ്രവീൺകുമാർ എന്നയാൾക്കും പരുക്കേറ്റു.
അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.