സന്നിധാനം ഇനി ശരണമന്ത്ര മുഖരിതമാകും. വൈകിട്ട് തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. വൃശ്ചിക മാസം ഒന്നായ നാളെ പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. ആദ്യദിവസമായ ഇന്ന് 30000 തീർത്ഥാടകരാണ് വെർച്വൽ ക്യൂ വഴി ശബരിമലയിൽ എത്തുന്നത്. ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാർ പതിനെട്ടാംപടി ചവിട്ടി ശ്രീകോവിലിൽ എത്തിയത്. പിന്നാലെ ദർശന സൗഭാഗ്യം തേടിയെത്തിയവർ നിറഞ്ഞ മനസ്സോടെ അയ്യപ്പനെ തൊഴുതു. ശബരിമല മേൽശാന്തിയായി അരുൺകുമാർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയും ചുമതലയേറ്റു. ദേവസ്വം മന്ത്രി വി.എൻ വാസവൻ സന്നിധാനത്ത് എത്തി ഒരുക്കങ്ങൾ വിലയിരുത്തി. മുൻ സീസണിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി തുടക്കം മുതൽ തന്നെ 18 മണിക്കൂറാണ് ദർശന സമയം. പരമാവധി പേർക്ക് ദർശനം നടത്താനാകുക എന്നതാണ് ലക്ഷ്യം. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി തീർത്ഥാടകരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. പാർക്കിങ്ങിനും കുടിവെള്ളത്തിനും വിശ്രമത്തിനുമെല്ലാം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്