തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ബി ജെ പിയുമായി ബന്ധമുള്ള പി വി അന്‍വറിനെതിരെ മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ സംസ്ഥാന നേതൃത്വം.തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സി ജി ഉണ്ണിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന നേതൃ യോഗമാണ് മമത ബാനര്‍ജിയെ കണ്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്.തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേഷന്‍ ചുമതലയുണ്ടായിരിക്കെ പഞ്ചായത്തംഗത്തെ പണം നല്‍കി കാലുമാറ്റിച്ച് വയനാട് പനമരത്തും നിലമ്പൂര്‍ ചുങ്കത്തറയിലും യു ഡി എഫിന് ഭരണം പിടിച്ചു നല്‍കി രാഷ്ട്രീയ വിലപേശല്‍ നടത്തുകയാണ് അന്‍വര്‍.
തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണ പങ്കാളിത്തം നേടാനല്ല യു ഡി എഫിന് ഭരണം നേടിക്കൊടുത്ത് മുന്നണിയില്‍ കയറാനുള്ള തന്ത്രമാണ് അന്‍വര്‍ പയറ്റുന്നത്. യു ഡി എഫ് പ്രതീക്ഷ മങ്ങിയാല്‍ ബി ജെ പിയുടെ എന്‍ ഡി എ സഖ്യത്തിനൊപ്പം പോകാനും അന്‍വര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍ ഡി എ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് ചെയര്‍മാനായ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്.
ബി ജെ പിയെയോ എന്‍ ഡി എ നേതൃത്വത്തെയോ തള്ളിപ്പറയാതെയാണ് സജിയുടെ തൃണമൂല്‍ പ്രവേശനം.ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പി വി അന്‍വര്‍ ബ്രോ എന്നാണ് അഭിസംബോധന ചെയ്യാറ്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ അന്‍വറിനെതിരെയുള്ള ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടിലെ ഇ ഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലിലാണ്. കെ സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിലെ പരാതിക്കാരിയായ പ്രസീത അഴീക്കോടിന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി സുരേന്ദ്രനുവേണ്ടി കേസ് അട്ടിമറിക്കാനുള്ള ക്വട്ടേഷനാണ് അന്‍വര്‍ ഏറ്റെടുത്തതെന്നും ആരോപിച്ചു.