ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ബി.ജെ.പി.
രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നത്.
ഇന്ത്യക്കാരുടെ സാമ്പത്തിക സ്ഥിതി പഠിക്കാൻ സർവേ നടത്തുമെന്നും അതിനുശേഷം അർഹമായ അവകാശം നൽകുമെന്നും പറഞ്ഞുകൊണ്ടുള്ള വിഡിയോയിലാണ് കൃത്രിമം കാണിച്ചിട്ടുള്ളത്.
ആൾട്ട് ന്യൂസ്, റേഡിയോ ഫ്രീ, ദെ ക്വിന്റ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിൽ വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.
ഹൈദരാബാദിൽ കോൺഗ്രസ് പ്രകടന പത്രിക പ്രഖ്യാപന വേളയിലാണ് യഥാർഥ വിഡിയോ ചിത്രീകരിക്കുന്നത്.
‘ഞങ്ങൾ രാജ്യത്ത് ഒരു എക്സ്-റേ (ജാതി സെൻസസ്) നടത്തും, അതിൽ നിന്ന് എല്ലാം വ്യക്തമാകും. പിന്നാക്ക വിഭാഗങ്ങൾ, ദലിതുകൾ, ആദിവാസികൾ, പാവപ്പെട്ട പൊതുവിഭാഗത്തിൽപ്പെട്ടവർ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് ഇന്ത്യയിൽ അവരുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് അറിയാൻ കഴിയും.
ഇതിനുശേഷം ഞങ്ങൾ സാമ്പത്തികവും സ്ഥാപനപരവുമായ സർവേ നടത്തി ഇന്ത്യ യഥാർഥത്തിൽ ആരുടെ, ഏത് വിഭാഗത്തിൻ്റെ കൈകളിലാണെന്ന് കണ്ടെത്തും.
ഈ ചരിത്രപരമായ നീക്കത്തിന് ശേഷം ഞങ്ങൾ ഒരു വിപ്ലവകരമായ ചുവടുവെപ്പ് നടത്തും. നിങ്ങളുടെ അവകാശം ഞങ്ങൾ നൽകും’ -എന്നാണ് രാഹുൽ ഗാന്ധി യഥാർഥത്തിൽ സംസാരിക്കുന്നത്.
എന്നാൽ, എഡിറ്റ് ചെയ്ത വിഡിയോയിൽ ദലിതർ, ആദിവാസികൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുകയും ന്യൂനപക്ഷത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന രീതിയിലാക്കി മാറ്റുകയും ചെയ്തു.
ഈ വ്യാജ വീഡിയോ ബി.ജെ.പി എം.പി ഗിരിരാജ് സിങ് ഉൾപ്പെടെയുള്ളവർ പങ്കുവെച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ അവകാശങ്ങളും സ്വത്തുക്കളും എങ്ങനെ കവർന്നെടുക്കാമെന്നാണ് രാഹുൽ ഗാന്ധി പറയുന്നതെന്ന് അദ്ദേഹം വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത് ‘എക്സി’ൽ കുറിച്ചു.