മലപ്പുറത്തെ തിരൂരില്‍നിന്നു കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ഓടയില്‍നിന്നു ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
അഴുകിയനിലയിലാണു മൃതദേഹ അവശിഷ്ടങ്ങള്‍. 11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തുവന്നത്.
അമ്മയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശ്രീപ്രിയ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തൃശൂരില്‍ തിരച്ചില്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്ന് വിവരം ലഭിച്ചതോടെയാണ് അമ്മയുമായി പൊലീസ് തൃശൂരില്‍ എത്തിയത്.
ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ചു മൂന്നു മാസം മുന്‍പാണ് യുവതി തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലില്‍ ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തില്‍ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്.
ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു.