ഉത്തരാഖണ്ഡ് ഋഷികേശില്‍ കഴിഞ്ഞ നവംബര്‍ 29 ന് ഗംഗാനദിയില്‍ വീണ് കാണാതായ പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹന്റെ മൃതദേഹം (07-12-2024 ന്) കണ്ടെത്തി. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഋഷികേശിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കുശേഷം ഭൗതികശരീരം വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് കൊണ്ടുപോകും. അപകടവിവിവരം അറിഞ്ഞയുടന്‍ ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിലുളള സംസ്ഥാന ദുരന്ത പ്രതികരണ സേന (SDRF) യുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തില്‍ ആകാശ് മോഹനായുളള തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.
ഡല്‍ഹി കേരളഹൗസ് റെസിഡന്റ് കമ്മീഷണറും നോര്‍ക്ക റൂട്ട്സ് ഡല്‍ഹി എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണകൂടവുമായും പ്രദേശത്തെ മലയാളിസംഘടനകളുടെ പ്രതിനിധികളുമായും ബന്ധപ്പെട്ടാണ് നടപടികള്‍ ഏകോപിപ്പിച്ചത്. ഗുഡ്ഗാവിലെ സ്വകാര്യകമ്പനിയില്‍ ജോലിചെയ്യുന്ന ആകാശ് മോഹന്‍ 50 പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഋഷികേശിലെത്തിയത്.