പഞ്ചാബില്‍ നിന്നും ഏപ്രില്‍ 23 ന് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് ഇദ്ദേഹത്തെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇന്ത്യയുടെയും പാകിസ്ഥാൻ്റെയും ഡിജിഎംഒമാർ തമ്മില്‍ നടന്ന ചർച്ചയില്‍ ഈ വിഷയം ഉയർന്നുവന്നിരുന്നു.
ഇന്ന് രാവിലെ പത്തര മണിക്ക് പ്രോട്ടോക്കോള്‍ പാലിച്ചാണ് ജവാനെ കൈമാറിയതെന്നാണ് വിവരം. വാഗ – അട്ടാരി അതിർത്തി വഴിയാണ് ഇദ്ദേഹത്തെ കൈമാറിയത്. നേരത്തെ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ പിടിയിലായപ്പോഴും പാകിസ്ഥാൻ ഇതേ വാഗ അട്ടാരി അതിർത്തി വഴിയാണ് കൈമാറ്റം നടത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന ഘട്ടത്തിലാണ് പൂർണം കുമാർ ഷാ എന്ന പികെ ഷാ അതിർത്തിയില്‍ നിന്നും പാക് സൈനികരുടെ പിടിയിലായത്.