കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും അതിൻ്റെ ഉപയോഗങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായി ഒരു തൈ തരാമോ? തിരിച്ചും തരാം എന്ന പരിപാടി നടപ്പിലാക്കുന്നു. ആശുപത്രിയിലെത്തുന്ന വർക്ക് ഒരു ഔഷധസസ്യം അവിടെ നൽകുവാനും തിരികെ ഒരെണ്ണം അവിടെ നിന്ന് സൗജന്യമായി വാങ്ങി വീട്ടിൽ കൊണ്ടുപോയി പരിപാലിക്കുന്നതിനുമുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. പരമാവധി വീര്യം കുറഞ്ഞ ഔഷധങ്ങൾക്ക് പ്രചരണം നൽകുന്നതിനായി ഔഷധസസ്യങ്ങളെ നട്ടുപിടിപ്പിക്കുന്ന ശീലം വളർത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ അറിയിച്ചു. ഒറ്റമൂലിയായും ഗൃഹവൈദ്യമായും പ്രാഥമിക ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പല ഔഷധ സസ്യങ്ങളും പുതിയ തലമുറയ്ക്ക് പരിചിതമല്ല. വ്യാപകമായി അവ നശിപ്പിക്കുന്ന പ്രവണതയും കൂടിയാകുമ്പോൾ ഔഷധ സസ്യങ്ങളുടെ ദൗർലഭ്യം രൂക്ഷമാകുകയും മരുന്ന് വില വർദ്ധിക്കുകയും ചെയ്യും. അവയ്ക്കുള്ള പരിഹാരമായി ഇത്തരം പരിപാടികൾ പൊതുജനങ്ങൾ ഏറ്റെടുക്കേണ്ടതാണ്