കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അന്തിമ പട്ടിക തീരുമാനിക്കാനായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്നു നടക്കും.നിലവില്‍ 20 സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ 50 സീറ്റുകളില്‍ സ്ഥാനാർഥികളുടെ കാര്യത്തില്‍ ഒറ്റപ്പേരിലേക്ക് കെപിസിസി നേതൃത്വം എത്തിയിട്ടുണ്ട്. സംവരണ സീറ്റുകള്‍ ഉള്‍പ്പെടെയാണിത്. എംപിമാർ മത്സരിക്കുന്ന കാര്യം ഇന്നത്തെ യോഗത്തില്‍ ചർച്ചയാകും. കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂർ പ്രകാശ്, കെ. സുധാകരൻ തുടങ്ങിയ എംപിമാർ നിയമസഭയിലേക്കു മത്സരിക്കണമെന്ന നിർദേശം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉയർത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാതെതന്നെ സണ്ണി ജോസഫ് മത്സരിക്കുന്ന കാര്യത്തിലും സിഇസി യോഗം തീരുമാനമെടുത്തേക്കും. കൂടുതല്‍ എംപിമാർ മത്സരിക്കുന്നതിനോടു പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എതിർപ്പുണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പുപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെതന്നെ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം.

