മുതലപ്പൊഴിയില്‍ പൊഴിമുറിക്കല്‍ ഇന്ന് പൂർത്തിയായേക്കും അഴിമുഖത്ത് 13 മീറ്റർ വീതിയിലും3മീറ്റർ ആഴത്തിലുമാണ് പൊഴി മുറിക്കുന്നത്.ഏറക്കുറെ ഇതിന്റെ പണി പൂർത്തിയായി. ഇനി അഴിമുഖത്തിന്റെ പ്രവേശന കവാടത്തിലുള്ള മണല്‍നീക്കം മാത്രമാണുള്ളത്.അത് കണ്ണൂർ അഴീക്കലില്‍ നിന്നും പുറപ്പെട്ട ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്ന മുറയ്ക്ക് ബാക്കിയുള്ള ഭാഗത്തെ മണല്‍നീക്കം കൂടി നടക്കും. ഇന്നലെ വൈകിട്ടോടെ നീണ്ടകര പിന്നിട്ട ഡ്രഡ്ജർ മറ്റു കാലാവസ്ഥ വ്യതിയാനങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്നെത്തുമെന്നാണ് കരുതുന്നത്. അഴിമുഖത്ത് ഡ്രഡ്ജർ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള പാതയൊരുക്കലിപ്പോള്‍ പുരോഗമിക്കുകയാണ്. അഴിമുഖത്തിന്റെ മൊത്തം വീതി 120 മീറ്ററാണ്. അതില്‍ 13 മീറ്റർ വീതിയിലാണ് പൊഴി മുറിക്കുന്നത്. ബാക്കിയുള്ള ഭാഗങ്ങളില്‍ മണല്‍ മൂടി കിടക്കുകയാണ്. അഴിമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണല്‍ അവിടെ നിന്നും പെരുമാതുറ സൈഡിലേക്ക് നിക്ഷേപിക്കുന്ന പ്രക്രിയ 24 മണിക്കൂറും തുടരുകയാണ്. നാളെ പൊഴിമുറിക്കല്‍ പൂർത്തിയാകുമ്ബോള്‍ ഉണ്ടാകുന്ന നേരിയ ചാലില്‍ കൂടി കായല്‍വെള്ളം കടലില്‍ പ്രവേശിക്കുന്നതിനാല്‍ കായലോരമേഖലയിലെ വെള്ളക്കെട്ടിന് ഭാഗിക പരിഹാരം ഉണ്ടായിത്തുടങ്ങും.പൂർണതോതില്‍ വെള്ളമിറങ്ങണമെങ്കില്‍ ഇനിയും ദിവസങ്ങള്‍ എടുക്കും.