മത വിദ്വേഷം ജനിപ്പിക്കുന്ന സോഷ്യൽ മീഡിയ പരാമർശത്തിന്റെ പേരിൽ സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു.ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസിന് എതിരെയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്.ഇദ്ദേഹത്തിനെതിരെ എസ്‍ഡിപിഐ പ്രവർത്തകർ പരാതി നൽകിയിരുന്നു.ഇതിലാണ് നടപടി. ഇരു വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തൽ, കലാപാഹ്വാനം എന്നീ വകുപ്പുകളാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് ഫ്രാൻസിസ് മുസ്ലീം ജനതയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തത്.ഫേസ്ബുക്കിൽ ഒരു പോസ്റ്റിന് ചുവടെ കമന്റ് ആയി രേഖപ്പെടുത്തിയ പരാമർശം വിവാദമായതോടെ ഫ്രാൻസിസ് അത് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. പിന്നാലെ ഇത് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമെന്നും വ്യക്തമാക്കി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്ത് വന്നു. ഫ്രാൻസിസിനോട് ഇക്കാര്യത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.പിന്നാലെ ഫ്രാൻസിസ് ഫെയ്സ്ബുക്കിലെ തന്റെ അക്കൗണ്ട് വഴി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.