വാഹനാപകടത്തെതുടർന്ന് സ്കൂൾ ബസ് ഡ്രൈവറെ കാണാതായ കേസ്; അന്വേഷണം ഊർജ്ജിതം

സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെതുടർന്ന്, പത്തനംതിട്ടയിൽ ബസ് ഡ്രൈവറെ കാണാതായ കേസിന്റെ അന്വേഷണം ഊർജ്ജിതം.ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ നേരിട്ട് അന്വേഷിക്കുന്ന കേസിന്റെ മുഖ്യ അന്വേഷണോദ്യോഗസ്ഥൻ അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാറാണ്. കടമ്പനാട് വടക്ക് മലയിലരികത്ത് തുഷാര മന്ദിരം തുളസിധരൻപിള്ള (77)യെ ഈ വർഷം ജൂൺ നാലിനാണ് കാണാതായത്. കടമ്പനാട് കെ ആർ കെ പി എം സ്കൂളിന്റെ ബസിലെ ഡ്രൈവറാണ് ഇദ്ദേഹം. ബസിന്റെ ടെസ്റ്റിന്റെ പണികഴിഞ്ഞുവരവേ കടമ്പനാട് കുഴിയാലയിൽ വച്ച് 4 ന് രാവിലെ 11.15 ന് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്, ഓട്ടോയിൽ യാത്രചെയ്ത പുരുഷനും സ്ത്രീക്കും ഗുരുതര പരിക്കുകൾ പറ്റിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, പരിക്കേറ്റ ശിവാനന്ദൻ എന്നയാൾ മരണപ്പെട്ടു. അപകടം നടന്നയുടൻ തുളസിധരൻപിള്ളയെ സ്ഥലത്തുനിന്നും കാണാതായതാണ്. അപകടത്തേതുടർന്ന്, ഏനാത്ത് പോലീസ് ഇയാളെ പ്രതിയാക്കി കേസെടുത്തിരുന്നു.

ഏഴാം തിയതി മകൾ തുഷാര നൽകിയ മൊഴിപ്രകാരമാണ് ഏനാത്ത് പോലീസ് കാണാതായതിന് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചടി ഉയരമുള്ള തുളസിധരൻപിള്ള കാണാതാവുമ്പോൾ ധരിച്ചിരുന്നത് കടുത്ത പച്ച നിറത്തിലുള്ള ഫുൾകൈ ഷർട്ടും വെള്ളമുണ്ടുമായിരുന്നു, വെള്ളത്തോർത്തും ധരിച്ചിരുന്നു. അന്നത്തെ എസ് ഐ വിജിത് കെ നായരാണ് മൊഴിവാങ്ങി കേസെടുത്തത്. പ്രാഥമികമായി ചെയ്യേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി, ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജ്ജിതമാക്കുകയും അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. പത്രങ്ങളിൽ വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളിലൂടെയും വിവരങ്ങൾ കൈമാറി.സംസ്ഥാനത്തിനകത്തും പുറത്തും ഇയാൾ പോകാൻ സാധ്യതയുള്ള ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണമാണ്.

സ്കൂൾ അധികൃതർ, ജീവനക്കാർ, ബന്ധുക്കൾ തുടങ്ങി നിരവധി ആളുകളിൽ നിന്നും മൊഴിയെടുത്തും, വൃദ്ധമന്ദിരങ്ങളിൽ തെരഞ്ഞും, പോലീസിന്റെ മിസ്സിംഗ്‌ പോർട്ടൽ, ക്രിമിനൽ ഇന്റലിജിൻസ് ഗസറ്റ് തുടങ്ങിയവയിൽ ഫോട്ടോയും വിശദവിവരങ്ങളും കാണിച്ച് പ്രസിദ്ധീകരിച്ചും, സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്ക് സന്ദേശങ്ങൾ കൈമാറിയും, അജ്ഞാത മൃതദേഹങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് പരിശോധിച്ചും അന്വേഷണം വ്യാപിപ്പിച്ചു. എല്ലായിടത്തും ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിച്ചിരുന്നു.മകൾ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തതിനെതുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിനെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനാക്കി 16 അംഗ പ്രത്യേക സംഘം രൂപീകരിച്ച് പിന്നീട് അന്വേഷണം വ്യാപകമാക്കി. ഒക്ടോബർ 11 ന് അന്വേഷണം ഏറ്റെടുത്ത ജില്ലാ പോലീസ് മേധാവി, അന്വേഷണപുരോഗതി അടിക്കടി വിലയിരുത്തുന്നുണ്ട്. പോലീസ് സംഘം ലുക്ക്‌ ഔട്ട്‌ നോട്ടീസ് തയാറാക്കി പൊതു ഇടങ്ങളിലും ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചും, ഡ്രൈവർമാർ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി പല മേഖലകളിലുള്ള ആളുകൾ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഫോട്ടോയും വിവരങ്ങളും പങ്കുവച്ചും അന്വേഷണം തുടർന്നു. ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് പരിശോധിച്ചിരുന്നു. കാണാതായ ജൂൺ നാലിന് ശേഷം അക്കൗണ്ടിൽ ഇടപാടുകൾ നടന്നിട്ടില്ല എന്ന് പോലീസ് കണ്ടെത്തി. സർക്കാരിന്റെ പെൻഷൻ തുകയും മൂന്നുമാസമായി കൈപ്പറ്റിയിട്ടില്ല എന്നും വെളിവായി. ഈ തുക സർക്കാറിലേക്ക് തിരികെ അടച്ചതായും വെളിപ്പെട്ടു. സംസ്ഥാനത്തിനകത്തും പുറത്തും ഇയാൾ പോകാൻ സാധ്യതയുള്ള ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ അന്വേഷണമാണ് പോലീസ് സംഘം നടത്തിയത്.
ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തുകയും ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു. അയൽ സംസ്ഥാനങ്ങളിലെ ബസ് സ്റ്റാന്റുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചും തെരച്ചിൽ തുടർന്നു. രാമേശ്വരം, പഴനി,മധുര, തുടങ്ങിയ ക്ഷേത്രങ്ങളിലും പരിസരങ്ങളിലും അന്വേഷണം നടത്തി. വള്ളിക്കാവ് അമൃതാനന്ദമയി ആശ്രമത്തിലെത്താനുള്ള സാധ്യതയും പരിശോധിച്ചു. ആശുപത്രികൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ശ്രീധരൻ പിള്ള ഉപയോഗിച്ചിരുന്ന ഫോൺ നമ്പരിന്റെ ആൽറ്റർനേറ്റീവ് നമ്പരിന്റെ സി ഡി ആർ പരിശോധിച്ചതിൽ, പാലക്കാടുള്ള ഒരാളുടെ വിലാസം കണ്ടതിനെതുടർന്ന് അവിടെ നടത്തിയ അന്വേഷണത്തിൽ ഫലമുണ്ടായില്ല.
സംസ്ഥാനത്ത് വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ആയ അസ്വഭാവിക മരണത്തിന് എടുത്ത കേസുകളും പരിശോധിച്ചിരുന്നു.

തമിഴ് നാട്, ഉത്തർപ്രദേശ്, മധ്യപ്രദേശ് ഗുജറാത്ത്,മഹാരാഷ്ട്ര,ജമ്മു കാശ്മീർ ഒറീസ തുടങ്ങി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചു. ഇവിടങ്ങളിലെയൊക്കെ പോലീസ് ഗ്രൂപ്പുകളിലും ഗുരുവായൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിലും മറ്റും തുളസീധരൻ പിള്ളയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയും അന്വേഷണം നടത്തുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസുദ്യോഗസ്ഥർ അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരങ്ങൾ കൈമാറി. മുമ്പ് വൈക്കോൽ ലോറിയിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നതിനാൽ, അത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വിവരങ്ങൾ പങ്കുവയ്ക്കുകയും, തെന്മല, ആര്യങ്കാവ്, പുളിയറ, തെങ്കാശി തുടങ്ങിയ ഇടങ്ങളിലും ദിവസങ്ങളോളം പോലീസ് ഉദ്യോഗസ്ഥർ തെരയുകയും ചെയ്തുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തെങ്കാശിയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, ഈ വർഷം ജൂൺ മുതൽ റിപ്പോർട്ട് ആയ തിരിച്ചറിയാത്ത മൃതശരീരങ്ങൾ കണ്ടെത്തിയതിന് എടുത്ത കേസുകളുടെ വിവരങ്ങളും പരിശോധിച്ചു.

പ്രത്യേകഅന്വേഷണസംഘത്തിലെ അംഗങ്ങളായ പോലീസ് ഉദ്യോഗസ്ഥർ തുളസിധരൻ പിള്ളയുടെ ഫോൺ നമ്പർ നിരന്തരം നിരീക്ഷിച്ചിരുന്നു, എന്നാൽ സംഭവദിവസത്തിന് ശേഷം ഈ നമ്പർ പ്രവർത്തനരഹിതമാണ്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള അന്വേഷണത്തിൽ 16 അംഗ പ്രത്യേകസംഘം തുളസിധരൻ പിള്ളക്ക് വേണ്ടിയുള്ള തെരച്ചിൽ വ്യാപകമാക്കി അന്വേഷണം തുടരുകയാണ്. അടൂർ ഡി വൈ എസ് പി ക്ക് പുറമെ, പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷ്, ഏനാത്ത് പോലീസ് ഇൻസ്പെക്ടർ ജെ അമൃത സിംഗ് നായകം, അടൂർ എസ് ഐ മാരായ ബാലസുബ്രഹ്മണ്യൻ, കെ എസ് ധന്യ, ഏനാത്ത് എസ് ഐ മനീഷ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബി എസ് ആദർശ്, ജില്ലാ ലീഗൽ സെൽ ഗ്രേഡ് എസ് ഐ അജികുമാർ, വിവിധ പോലീസ് സ്റ്റേഷനുകളിലെയും യൂണിറ്റുകളിലേയും പോലീസ് ഉദ്യോഗസ്ഥരായ ആർ രാജേഷ്, അഖിൽ ചന്ദ്രൻ, സുനിൽകുമാർ, ശ്യാം കുമാർ, അനൂപ്, സിന്ധു, അബ്ദുൽ മജീദ്, രാഹുൽ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.തുളസിധരൻ പിള്ളയെ പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ അടൂർ ഡി വൈ എസ് പി (ഫോൺ 9497990034), എസ് എച്ച് ഓ ഏനാത്ത് (9497947142), ഏനാത്ത് പോലീസ് സ്റ്റേഷൻ ( 9497908364) എന്നിവയിൽ ഏതെങ്കിലും നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...