തന്നെ ആക്രമിച്ചുവെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.
റിപ്പോർട്ടർ, മനോരമ ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അടങ്ങുന്ന ഒരുകൂട്ടം പ്രതികൾ 27ന് ഉച്ചയ്ക്ക് രാമനിലയം ഗെസ്റ്റ്ഹൗസിൽ അനുവാദമില്ലാതെ കയറുകയും വിശ്രമം കഴിഞ്ഞ് കാറിൽ കയറാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തടയുകയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ വിഷ്ണുരാജിനെ തള്ളിമാറ്റി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
സുരേഷ് ഗോപി സിറ്റി പൊലീസ് കമ്മിഷണർക്ക് അയച്ച പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.ഇതിനിടെ, പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരെ സുരേഷ് ഗോപി കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ഈസ്റ്റ് പൊലീസ് ഇന്നലെ കെപിസിസി നിർവാഹക സമിതി അംഗം അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തി.
ഒരു കൂട്ടം മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും മാധ്യമ പ്രവർത്തകനായ അഖിലിനെ ആക്രമിക്കുകയും ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കണമെന്നാണ് അനിൽ അക്കര പരാതി നൽകിയിരുന്നത്.