മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയായി ഉയർത്തപ്പെടുന്ന ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ബെയ്റൂട്ടിൽ എത്തിച്ചേർന്നു. ലെബനീസ് – ഇന്ത്യൻ എംബസിയുടെ ചാൻസറി മേധാവി ബിജു ജോസഫിൻ്റെ നേതൃത്വത്തിൽ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.ബെയ്റൂട്ട് മെത്രാപ്പോലീത്ത മോർ ഡാനിയേൽ ക്ലീമിസ്, പാത്രിയാർക്കൽ അസിസ്റ്റൻ്റ് മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്ത എന്നിവരും സ്വീകരണത്തിൽ സംബന്ധിച്ചു.ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7.30 ന്) ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക.മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വം വഹിക്കും.യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാരും ഇതര സഭകളിലെ മേലദ്ധ്യക്ഷൻമാർ, മെത്രാപ്പോലീത്തമാർ എന്നിവരും സഹകാർമികരാകും. ലബനോൻ പ്രസിഡൻ്റ് ജനറൽ ജോസഫ് ഔൺ അടക്കം ലബനോനിലെ വിശിഷ്ട വ്യക്തികളും സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘവും കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധികളും കേരളത്തിൽ നിന്നും വിദേശത്തു നിന്നുമായി അഞ്ഞൂറിൽപരം വ്യക്തികളും ശുശ്രൂഷകളിൽ സംബന്ധിക്കും.