സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതകള്‍.ജാര്‍ഖണ്ഡ് സ്വദേശിയായ അഡീഷണല്‍ കസ്റ്റംസ് കമീഷണറെയും സഹോദരിയെയും അമ്മയെയും കാക്കനാട് ദൂരദര്‍ശന്‍ ടിവി സെന്ററിലെ സെന്‍ട്രല്‍ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ എക്സൈസ് അഡീഷണല്‍ കമീഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനീഷും ശാലിനിയും കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. ശകുന്തളയുടെ മൃതദേഹം കട്ടിലിലായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണമായും അഴുകിയിരുന്നു. ഹിന്ദിയിലുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തു. അഞ്ചുവര്‍ഷം മുൻപാണ് മനീഷ് കേരളത്തില്‍ ജോലിക്ക് എത്തിയത്.
മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീവില്‍ ജോലിചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലേക്കെത്തുന്നത്. കാക്കനാട് താണപാടം – പടമുകള്‍ റോഡിലെ സെന്‍ട്രല്‍ എക്സൈസ് ക്വാര്‍ട്ടേഴ്സില്‍ മനീഷ് ഒറ്റയ്ക്കായിരുന്നു താമസം. മാസങ്ങള്‍ക്കു മുന്‍പാണ് അമ്മയും സഹോദരിയും എത്തിയത്. തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കാനെത്തിയ കുട്ടികള്‍ പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി തിരിച്ചറിഞ്ഞിരുന്നു. ഈ വീട്ടിലും വന്നു നോക്കി. എന്നാല്‍ അടച്ചിട്ട വീടായിരുന്നു. സെപ്റ്റിക് ടാങ്കില്‍ നിന്നാണ് ദുര്‍ഗന്ധം വരുന്നതെന്ന് വിചാരിച്ച് കുട്ടികള്‍ മടങ്ങി. മനീഷ് വിജയിയും കുടുംബവും ആരുമായും കാര്യമായി ബന്ധം പുലര്‍ത്തിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ഓഫീസില്‍ ഒപ്പം ജോലി ചെയ്യുന്നവരോട് ആരോടും ഇടപഴകാത്ത, ഒതുങ്ങിയ പ്രകൃതമായിരുന്നു മനീഷിന്. ജാര്‍ഖണ്ഡ് സിവില്‍ സര്‍വീസില്‍ റാങ്ക് ജേതാവായ സഹോദരി ശാലിനി അവിടെ തന്നെയാണ് ജോലി ചെയ്തിരുന്നത്. വിജയിന്റെ അമ്മയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇടയ്ക്ക് അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ആത്മീയ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്നു. തീര്‍ഥയാത്രകള്‍ പതിവായിരുന്നു. കുടുംബത്തിന് സാമ്ബത്തികമായി പ്രശ്‌നങ്ങളില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. അതേസമയം മനീഷിന് മറ്റൊരു സഹോദരി കൂടിയുള്ളതായാണ് വിവരം. കൂടാതെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിനു സമീപത്ത് പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
മാതാവ് കോളജ് അധ്യാപികയും ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മിഷനില്‍ നിന്ന് ഉയര്‍ന്ന റാങ്കില്‍ വിജയിച്ച ആളുമാണ് എന്നും സൂചനയുണ്ട്. സഹോദരിയുടെ ജാര്‍ഖണ്ഡ് പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. സാമ്ബത്തികമായ പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ ആത്മഹത്യയാണെങ്കില്‍ എന്താണ് അവരെ ഇതിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്.