ട്രാവൻകൂർ സിമെന്റ്‌സ് ലിമിറ്റഡിൻറെ കാക്കനാട്ടെ സ്ഥലം വിൽപ്പന : സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി ട്രാവൻകൂർ സിമെന്റ്‌സ് ലിമിറ്റഡ് ചെയർമാൻ.
കോട്ടയം : നാട്ടകം ട്രാവൻകൂർ സിമെന്റ്‌സ് ലിമിറ്റഡിൻറെ കാക്കനാട് സ്ഥലം വിൽക്കുന്നത് സംബന്ധിച്ചുള്ള പരസ്യങ്ങളിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണവുമായി സിമെന്റ്‌സ് ചെയർമാൻ. വിദേശത്തെ മാധ്യമങ്ങളിൽ മാത്രം പരസ്യം നൽകി സ്ഥലം വിൽക്കാൻ ശ്രമിച്ചു എന്ന പ്രചാരണത്തിലാണ് ചെയർമാൻ ബാബു ജോസഫ് ഇപ്പോൾ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ട്രാവൻകൂർ സിമെൻറ്‌സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ എറണാകുളം ജില്ലയിലെ കാക്കനാട് കണയന്നൂർ താലൂക്കിലെ വാഴക്കാല വില്ലേജിൽ സ്ഥിതിചെയ്യുന്ന വസ്തുവിന്റെ വില്പന സംബന്ധിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ഉണ്ടായത്. 1985 ലാണ് ഈ സ്ഥലം കമ്പനി വാങ്ങിയത്. കമ്പനി പൊതുമേഖലയിലേക്ക് മാറുന്നത് 1989 ലാണ്. അതിനു മുൻപ് 1985 ൽ പ്രസ്തുത സ്ഥലം വാങ്ങുമ്പോൾ സ്വകാര്യ ഷെയർ 52 ശതമാനവും സർക്കാരിന്റെ ഷെയർ 48 ശതമാനവും ആയിരുന്നു. തുടർന്ന് കമ്പനിയുടെ ഷെൽസം സിമെന്റ് പെയിന്റ് യൂണിറ്റ് അവിടെ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇതിന്റെ വിപണനം കുറഞ്ഞതിനാൽ യൂണിറ്റിൻറെ പ്രവൃത്തനം ഭാഗീകമായി നിർത്തി. തുടർന്ന് , 2006 ൽ പൂർണമായും പ്രവർത്തനം നിർത്തി. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് 2015 ലാണ് ഈ സ്ഥലം വിൽക്കാൻ തീരുമാനമെടുത്തത്. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ല. 2020 ൽ ഈ സ്ഥലം കിൻഫ്ര അടക്കമുള്ള ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന് തന്നെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 25 കോടി രൂപയ്ക്ക് കിൻഫ്ര സ്ഥലം ഏറ്റെടുക്കാം എന്ന് അറിയിച്ചെങ്കിലും, കിൻഫ്ര ഈ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് ബഹു. വ്യവസായമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്ഥലം ഓപ്പൺ ടെൻഡറിന് വെച്ച് കൂടുതൽ വിലയ്ക്ക് വിൽക്കാൻ തീരുമാനമായത്. ഇതിനിടെ 36 ജീവനക്കാർ ബഹു. കേരള ഹൈക്കോടതിയെ സമീപിച്ച് ഈ സ്ഥലം ജപ്തി ചെയ്യുന്നതിന് അനുകൂല ഉത്തരവ് നേടിയെടുത്തു. ഈ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം നൽകാതിരുന്നതിനെ തുടർന്നാണ് ഇവർ നടപടി എടുത്തത്. ഇതിന് ശേഷം കമ്പനി സ്ഥലം വിറ്റു കിട്ടുന്ന തുക വിനിയോഗിക്കുന്നത് ഇനം തിരിച്ച് വിശദമായി സർക്കാരിന് കത്ത് നൽകി. തുടർന്നു കമ്പനിയുടെ കാക്കനാട്ട് സ്ഥലവും വൈക്കം ചെമ്പിലുള്ള സ്ഥലവും പൊതു ലേലം വഴി വിൽക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ഇതിനുശേഷമാണ് ആദ്യമായി സംസ്ഥാനത്തെ മാധ്യമങ്ങളിലും വിദേശത്തെയും മാധ്യമത്തിൽ അടക്കം സ്ഥലം വിൽക്കാനുള്ള പരസ്യം നൽകിയത്. എന്നിട്ടും സ്ഥലം വാങ്ങാൻ ആരും എത്താതിരുന്നതോടെയാണ് വീണ്ടും വിദേശത്തും, ഇന്ത്യയിലെ തന്നെ വിവിധ മാധ്യമങ്ങളിലും പരസ്യം നൽകുന്ന സാഹചര്യമുണ്ടായതെന്നും ചെയർമാൻ വിശദീകരിക്കുന്നു. ക്ലിങ്കർ വാങ്ങിയ ഇനത്തിലും, വിരമിച്ച ജീവനക്കാരുടെ നിയമപരമായ ബാധ്യതകളായ ഗ്രാറ്റുവിറ്റി, പി.എഫ്. മുതലായ ആനുകൂല്യങ്ങൾ നൽകുന്നതിലും വന്നിട്ടുള്ള കുടിശ്ശിക, കമ്പനിയുടെ മറ്റിനങ്ങളിലുള്ള കടങ്ങൾ നിലവിലെ ജീവനക്കാരുടെ പി എഫ് കുടിശ്ശിക എന്നിവ കൊടുത്തു തീർത്ത് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള തീവ്രമായ ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയും, കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിനും, നിലനിർത്തുന്നതിനും ആവശ്യമായ പ്രവർത്തങ്ങൾക്ക് വേണ്ട ഫണ്ട് സ്വരൂപിക്കുന്നതിനുമാണ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള സ്ഥലം വളരെ സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഗ്ലോബൽ ടെൻഡറിലൂടെ വില്പന നടത്തുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. അതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് കമ്പനിയുടെ മുന്നോട്ടുള്ള സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും ചെയർമാൻ പറഞ്ഞു.