ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കുമിളി ജി ടി യു പി സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു
വിദ്യാഭ്യാസ മേഖലയിലെ കാലോചിത മാറ്റങ്ങളെ ഉൾക്കൊള്ളുന്നവിധം സമൂഹത്തെ വാർത്തെടുക്കുന്നതിൽ കേരള ജനത നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുമിളി ജി ടി യു പി സ്കൂളിൽ ജില്ലാതല സ്‌കൂൾ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം മതേതരത്വവും ജനാധിപത്യവും നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന തലമുറയെ വാർത്തെടുക്കുന്നതിൽ കേരളം വിജയിച്ചു. ജനപിന്തുണയോടെ വിദ്യാഭ്യാസ പുരോഗതിയിൽ ഉയർന്നുവരുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ രംഗത്തുണ്ടായത്. പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ എല്ലാവർക്കും പഠിക്കാനുള്ള അവസരമുണ്ടായി. സാക്ഷരതായജ്ഞത്തിൽ തുടങ്ങി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സംസ്ഥാനത്തെ സാർവ്വത്രിക വിദ്യാഭ്യാസത്തിൻ്റെ ഉന്നതിയിലെത്തിക്കാൻ നമുക്ക് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്നു എന്നതാണ് ഈ സർക്കാറിൻ്റെ മുഖമുദ്ര. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് എതിരാളികളില്ലാത്തവിധം ഒന്നാമതാവാൻ കേരളത്തിന് കഴിഞ്ഞു. ഇക്കാലത്തിനിടയിൽ സർക്കാർ സ്കൂളുകളിൽ കൊഴിഞ്ഞ് പോക്കിൻ്റെ കാലഘട്ടമാണ് അവസാനിച്ചത്. 45000 ക്ലാസ് മുറികൾ ഹൈടെക്കായി. ഉറപ്പും വൃത്തിയുമുള്ള കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, ലാബുകൾ, വിദഗ്ധരായ അധ്യാപകർ, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികളെ നയിക്കാൻ ഉതകുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളും പാഠപുസ്തക നവീകരണവും കേരളത്തിൻ്റ മുഖഛായ മാറ്റി. അക്കാദമിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം പാഠ്യേതര രംഗത്തും കുട്ടികൾ നേട്ടം കൊയ്യുന്ന ഇടമായി കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മാറി. ഇക്കാലത്തിനിടയിൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപമാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായത്. അവധിക്കാല അധ്യാപക പരിശീലനവും വലിയ മാറ്റങ്ങളുണ്ടാക്കിയാതായി മന്ത്രി പറഞ്ഞു.
പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിച്ചു. കുമിളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി ബിജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാരിച്ചൻ നീറണാംകുന്നേൽ, ഉപവിദ്യാഭ്യാസ ഡയരക്ടർ ഷാജി, സ്കൂൾ ഹെഡ്മാസ്റ്റർ സി പ്രിൻസ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.