കൊടകര കുഴൽപ്പണ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം എത്തിച്ചത് ബിജെപിക്ക് അല്ലെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ പോലീസിന്റെ കണ്ടെത്തൽ ഇഡി തള്ളി. കേസിൽ ആകെ 23 പ്രതികളാണുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.കവര്‍ച്ച നടന്ന ശേഷം പണം ഏതൊക്കെ തരത്തില്‍ വെളുപ്പിച്ചു എന്നതാണ് ഇഡി അന്വേഷിച്ചത്. ഇതിന്മേലുള്ള കുറ്റപത്രമാണ് ഇഡി സമര്‍പ്പിച്ചത്. മറ്റ് ദിശകളിലേക്ക് ഇഡി അന്വേഷണം പോയിട്ടില്ല. 2021 ഏപ്രിൽ നാലിന് തൃശൂരിലെ കൊടകരയിൽ നടന്ന ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നത്. ഈ പണം ബിജെപിക്കായി എത്തിച്ചതാണെന്ന് പൊലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിൽ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കവർന്നതിൽ 1.4 കോടി രൂപ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.